PHOTO: PTI
മണിപ്പൂര്‍ കലാപം: ഇരയാക്കപ്പെട്ടവര്‍ക്കായി വീടുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍
മണിപ്പൂരില്‍ വംശീയ കലാപത്തിന് ഇരയാക്കപ്പെട്ടവര്‍ക്കായി 3,000 വീടുകള്‍ നിര്‍മിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നവരെ പുനഃരധിവസിപ്പിക്കാനാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്നത്.
കലാപത്തെ തുടര്‍ന്ന് മൂന്നു മാസമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരങ്ങളാണ് മണിപ്പൂരില്‍ ഉള്ളത്. അഞ്ചു കേന്ദ്രങ്ങളിലായി വീടുകളുടെ നിര്‍മാണം ജൂണ്‍ 26 ന് തന്നെ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
മ്യാന്‍മര്‍ കുക്കികളല്ല പ്രശ്‌നക്കാര്‍
മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തിന് കാരണക്കാര്‍ മ്യാന്‍മറിലെ കുക്കികളല്ലെന്ന് മിസോറാമില്‍ നിന്നുള്ള രാജ്യസഭാംഗം കെ വന്‍ലാല്‍ വേന. മ്യാന്‍മര്‍ കുക്കികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വന്‍ലാല്‍ വേന രംഗത്തുവന്നത്. വന്‍ലാല്‍ വേന പ്രതിനിധാനം ചെയ്യുന്ന മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) പാര്‍ട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിലെ ഘടകകക്ഷി കൂടിയാണ്.
തന്റെ സംസ്ഥാനം മ്യാന്‍മറില്‍ നിന്നുള്ള 40,000 ത്തിലധികം ആളുകള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. അവര്‍ ഇതുവരെ ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ല. ഇംഫാലില്‍ നിരവധി വീടുകളും പള്ളികളും അഗ്നിക്കിരയാക്കി. ഇതിനൊന്നും പിന്നില്‍ മ്യാന്‍മര്‍ അഭയാര്‍ത്ഥികളല്ല. പട്ടാള അട്ടിമറിക്ക് മുമ്പ് ചില ഗോത്ര വര്‍ഗക്കാര്‍ മിസോറാമിലും മണിപ്പൂരിലും കടന്നിരുന്നു. അവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരെന്നും വന്‍ലാല്‍ വേന പറഞ്ഞു.
മ്യാന്‍മറില്‍ നിന്നുള്ള കുക്കി അഭയാര്‍ത്ഥികളുടെ പ്രവാഹമാണ് മണിപ്പൂരില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് കഴിഞ്ഞദിവസം അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു. ആയിരക്കണക്കിന് കുക്കി ആദിവാസി വനിതകളാണ് മണിപ്പൂരിലേക്ക് എത്തിയത്. അവര്‍ മണിപ്പൂരിലെ കാടുകളില്‍ താമസം ആരംഭിച്ചു. ഇതോടെ മണിപ്പൂരില്‍ അരക്ഷിതാവസ്ഥ ആരംഭിച്ചതായും അമിത് ഷാ പറഞ്ഞിരുന്നു.
താറുമാറായി ആരോഗ്യ സംരക്ഷണം
കലാപം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ ആരോഗ്യ സംരക്ഷണ സംവിധാനം തകര്‍ച്ചയിലാണ്. മണിപ്പൂരില്‍ രോഗികള്‍ ആവശ്യമായ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. തലസ്ഥാനമായ ഇംഫാലിനെയാണ് ചികിത്സാ സൗകര്യങ്ങള്‍ക്കായി ജനങ്ങള്‍ കൂടുതലും ആശ്രയിച്ചിരുന്നത്. എന്നാല്‍ വംശീയമായ വിഭജനം കാരണം ഇംഫാലിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചികിത്സ ലഭിക്കാത്ത സാഹചര്യം രോഗികളെ ബാധിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ ലഭ്യമാകുന്നില്ല. ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള രോഗികള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടിവരുന്നു. അയല്‍ സംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്കാണ് മണിപ്പൂരികള്‍ ചികിത്സ തേടി എത്തുന്നത്. എന്നാല്‍ അങ്ങോട്ടുള്ള യാത്ര ദുഷ്‌കരമാണ്. മാത്രമല്ല മറ്റുസംസ്ഥാനങ്ങളില്‍ ചെന്ന് ചികിത്സ തേടുന്നതിന് സാധാരണക്കാര്‍ക്ക് സാമ്പത്തികമായ പരിമിതികളുമുണ്ട്.
കെട്ടടങ്ങാതെ കലാപം
കലാപം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴും മണിപ്പൂരില്‍ കലാപാന്തരീക്ഷം തുടരുകയാണ്. ഓരോ ദിവസവും പുതിയ അക്രമ സംഭവങ്ങളാണ് മണിപ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ മണിപ്പൂരില്‍ നടത്തിയ പോലീസിന്റെ വ്യാപക പരിശോധനയില്‍ നിരവധി ആയുധങ്ങളാണ് പിടികൂടുന്നത്. ഇംഫാല്‍, തൗബാല്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു.