PHOTO: PTI
മണിപ്പൂര്‍ കലാപം; ആരോഗ്യ സംരക്ഷണ സംവിധാനം തകരുന്നു
കലാപം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ ആരോഗ്യ സംരക്ഷണ സംവിധാനം തകര്‍ച്ചയിലാണ്. മണിപ്പൂരില്‍ രോഗികള്‍ ആവശ്യമായ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. തലസ്ഥാനമായ ഇംഫാലിനെയാണ് ചികിത്സാ സൗകര്യങ്ങള്‍ക്കായി ജനങ്ങള്‍ കൂടുതലും ആശ്രയിച്ചിരുന്നത്. എന്നാല്‍ വംശീയമായ വിഭജനം കാരണം ഇംഫാലിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
രോഗികള്‍ വലയുന്നു
ചികിത്സ ലഭിക്കാത്ത സാഹചര്യം രോഗികളെ ബാധിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ ലഭ്യമാകുന്നില്ല. ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള രോഗികള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടിവരുന്നു. അയല്‍ സംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്കാണ് മണിപ്പൂരികള്‍ ചികിത്സ തേടി എത്തുന്നത്. എന്നാല്‍ അങ്ങോട്ടുള്ള യാത്ര ദുഷ്‌കരമാണ്. മാത്രമല്ല മറ്റുസംസ്ഥാനങ്ങളില്‍ ചെന്ന് ചികിത്സ തേടുന്നതിന് സാധാരണക്കാര്‍ക്ക് സാമ്പത്തികമായ പരിമിതികളുണ്ട്.
കെട്ടടങ്ങാതെ കലാപം
കലാപം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴും മണിപ്പൂരില്‍ കലാപാന്തരീക്ഷം തുടരുകയാണ്. കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലേക്ക് മെയ്തികള്‍ ഞായറാഴ്ച നടത്താനിരുന്ന മാര്‍ച്ചിനെതിരെ ഭീഷണി. കനത്ത തിരിച്ചടിയുണ്ടാകും എന്ന ഭീഷണി ഉയര്‍ന്നതോടെ മാര്‍ച്ച് നടത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് മെയ്തികള്‍. ഓരോ ദിവസവും പുതിയ അക്രമ സംഭവങ്ങളാണ് മണിപ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അനാസ്ഥയാണ് കാണിക്കുന്നത് എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുകയും തമാശ പറയുകയുമാണ് നരേന്ദ്ര മോദി ചെയ്യുന്നത്, അതൊരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറഞ്ഞ മോദി രണ്ട് മണിക്കൂര്‍ പ്രസംഗത്തില്‍ മണിപ്പൂരിനെ പറ്റി സംസാരിച്ചത് രണ്ടു മിനിറ്റ് മാത്രമാണ്.