TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE | PHOTO: WIKI COMMONS

TMJ Daily

മണിപ്പൂര്‍: കലാപകാരികള്‍ കൊള്ളയടിച്ച ആയുധങ്ങള്‍ കണ്ടെത്തി; നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ നിര്‍ദേശം 

22 Aug 2023   |   2 min Read
TMJ News Desk

ണിപ്പൂര്‍ സംഘര്‍ഷത്തിനിടെ കലാപകാരികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. സംയുക്ത സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ഇംഫാല്‍ ഈസ്റ്റ്, കാങ്‌പോക്പി, തെങ്‌നൗപാല്‍ ജില്ലകളില്‍ നിന്ന് കൊള്ളയടിച്ച ഏഴ് ആയുധങ്ങളും 81 വ്യത്യസ്തതരം വെടിക്കോപ്പുകളുമാണ് കണ്ടെത്തിയത്. മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച വംശീയ സംഘര്‍ഷത്തിനിടെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കപ്പെട്ടത്.

നഷ്ടപരിഹാരം ഉയര്‍ത്താന്‍ നിര്‍ദേശം

കലാപത്തില്‍ ഇരകളായവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മുന്‍ വനിതാ ജഡ്ജിമാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കി. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്നും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായവര്‍ക്ക് വീണ്ടും നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചു. 

അക്രമത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം, ദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാരുടെ സമിതി ഉണ്ടാക്കിയത്. ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ ആണ് സമിതിയുടെ അധ്യക്ഷ. 

സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവ് ഈ മാസം 25 ന് പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സമിതിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ചെലവിനുള്ള ഫണ്ട്, ഭരണപരമായ നടപടിക്കുള്ള സൗകര്യങ്ങള്‍, വെബ് പോര്‍ട്ടല്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. 

ദേശീയപാത ഉപരോധം 

കുക്കി ഗോത്രമേഖലയിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കം മെയ്തി വിഭാഗം തടഞ്ഞതില്‍ പ്രതിഷേധിച്ച് ഗോത്ര സംഘടനകള്‍ ഇംഫാല്‍ താഴ്‌വരയിലേക്കുള്ള ദേശീയപാത വഴിയുള്ള ചരക്കുനീക്കം തടഞ്ഞു. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 2, അസമിലെ സില്‍ച്ചറുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 37 എന്നിവയാണ് ഇന്നലെ മുതല്‍ തടഞ്ഞിരിക്കുന്നത്. 

കലാപം ആരംഭിച്ചശേഷം ഒരു മാസത്തിലേറെയായി ഇരു ഗോത്രവിഭാഗങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയ റോഡുകള്‍ അടുത്തിടെയാണ് തുറന്നുനല്‍കിയത്. കഴിഞ്ഞ ആഴ്ച ചുരാചന്ദ്പൂരിലേക്ക് മരുന്നുകള്‍ എത്തിക്കാനുള്ള അസം സൈഫിള്‍സിന്റെ ശ്രമം മെയ്തികള്‍ തടഞ്ഞിരുന്നു. പിന്നീട് ഹെലികോപ്റ്ററിലാണ് മരുന്നുകള്‍ എത്തിച്ചത്. 

അതേസമയം, ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന മണിപ്പൂര്‍ നിയമസഭാ സമ്മേളനം നടന്നില്ല. സുരക്ഷാ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്ന് 10 കുക്കി എംഎല്‍എ മാര്‍ അറിയിച്ചിരുന്നു. 10 നാഗാ എംഎല്‍എ മാരും സമ്മേളനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.


#Daily
Leave a comment