PHOTO: PTI
മൂന്ന് കുക്കി വിഭാഗക്കാരുടെ കൊലപാതകം: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
മണിപ്പൂരില്‍ മൂന്ന് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കുക്കി വിഭാഗം രംഗത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. ഉക്രുവിലെ തോവായില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് കേന്ദ്രസേനയുടെ പരിശോധനകള്‍ ശക്തമാക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. പലയിടത്തും മണിപ്പൂര്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുകൊണ്ടാണ് സംഘര്‍ഷം ഉണ്ടാകുന്നതെന്നും കുക്കി സംഘടനയായ ഐടിഎല്‍എഫ് ആരോപിച്ചിരുന്നു.
കൂടാതെ, ആധുനിക ആയുധങ്ങളുമായി മെയ്തി വിഭാഗം നടത്തുന്ന ആക്രമണം ചെറുക്കാന്‍ കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കുക്കികള്‍ ആവശ്യം ഉന്നയിക്കുന്നു. പോലീസിന്റെ 6,000 തോക്കുകള്‍ മെയ്തി വിഭാഗക്കാരുടെ കൈവശമുണ്ടെന്നും ഇതു പിടിച്ചെടുക്കണമെന്നും കുക്കികള്‍ ആവശ്യപ്പെടുന്നു.
പ്രതിഷേധിച്ച് സ്ത്രീകള്‍
മണിപ്പൂരിലെ മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മണിപ്പൂരിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മലയോര മേഖലയില്‍ സമാധാനവും അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കാനുള്ള ഏക പരിഹാരമാണ് ഗോത്രവര്‍ഗക്കാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഭരണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ പ്രത്യേക ഭരണം തേടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രത്യേക ഭരണം സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തും. താഴ്വരയിലും കുന്നുകളിലും സമാധാനം നിലനില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ പരിധിയില്‍ പ്രാതിനിധ്യം ആവശ്യപ്പെടാനുള്ള അവകാശം സമൂഹത്തിനുണ്ടെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന് പ്രത്യേകസംഘം
കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയും സിബിഐ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ 29 പേര്‍ വനിതകളാണ്. ഡിഐജി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. അക്രമം നടത്തിയവരുമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലും അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് നടന്ന മറ്റ് ആറ് അക്രമങ്ങളും, സായുധസേനയുടെ ആയുധപ്പുരകളില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചതും ഉള്‍പ്പെടെയുള്ള കേസുകളിലും സിബിഐയുടെ പ്രത്യേക സംഘം അന്വേഷണം നടത്തും.
ജൂലായ് 29 ന് കേസുകള്‍ കൈമാറി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സിബിഐയ്ക്ക് നല്‍കിയ നിര്‍ദേശം. സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവവും വംശീയ കലാപത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അശാന്തിക്കു പിന്നില്‍
മെയ്തി, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ രൂക്ഷമായത്. മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. ഗോത്രവര്‍ഗക്കാരായ നാഗകളും കുക്കികളും 40 ശതമാനത്തിലധികവും വരുന്നവരാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തത്. മെയ്തികള്‍ പ്രധാനമായും ഹിന്ദുക്കളും കുക്കികള്‍ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറുകയായിരുന്നു. മണിപ്പൂര്‍ നിയമസഭയിലെ 60 സീറ്റുകളില്‍ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാല്‍ കുക്കിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ സമാധാനാന്തരീക്ഷത്തെ പാടെ തകര്‍ത്തിരിക്കുകയാണ്.