PHOTO: PTI
മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി; രാജ്യം മണിപ്പൂരിനൊപ്പം
രാജ്യം 77-ാം മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ മണിപ്പൂരിനെ പരാമര്‍ശിച്ചുകൊണ്ടും മോദി സംസാരിച്ചു. മണിപ്പൂരിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അവിടെ സമാധാനം തിരികെ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പൂരില്‍ സഹോദരിമാരുടെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പൂരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്, അതു തുടരുമെന്നും മണിപ്പൂര്‍ ഇപ്പോള്‍ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും മോദി പറഞ്ഞു.
മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടമായി. സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
കൊറോണയ്ക്കുശേഷം പുതിയ ലോകക്രമം രൂപപ്പെട്ടു. പത്താമത് സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ അഞ്ചാമതെത്തി. അടുത്ത അഞ്ചു വര്‍ഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും. രാജ്യത്തിന് മുന്നോട്ടുപോകാന്‍ ഭൂരിപക്ഷമുള്ള സുസ്ഥിര സര്‍ക്കാര്‍ വേണം. 2014 ലും 2019 ലും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷമാണ് പരിഷ്‌കരണങ്ങള്‍ക്ക് ശക്തി നല്‍കിയത്. സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് രാജ്യങ്ങള്‍ പ്രായമാകുകയാണ്. എന്നാല്‍ ഇന്ത്യ യുവത്വത്തിന്റെ കൊടുമുടിയിലാണ്. 30 വയസ്സിന് താഴെയുള്ള ഏറ്റവും കൂടുതല്‍ ആളുകളുള്ളത് ഇന്ത്യയിലാണ്. യുവാക്കളും സ്ത്രീകളുമാണ് രാജ്യത്തിന്റെ കരുത്ത്. ഗ്രാമീണ മേഖലകളില്‍ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ചെറിയ ഗ്രാമങ്ങളില്‍ നിന്നുപോലും ലോകോത്തര കായികതാരങ്ങളാണ് ഉയര്‍ന്നുവരുന്നത്. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകും. അടുത്ത ഓഗസ്റ്റ് 15 നും വികസനനേട്ടം പങ്കുവയ്ക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോള്‍ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ മോദി പരമ്പരാഗത മേഖലയ്ക്ക് 15,000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
എല്ലാ ഇന്ത്യാക്കാരന്റെയും ശബ്ദം
എല്ലാ ഇന്ത്യാക്കാരന്റെയും ശബ്ദമാണ് ഭാരത് മാതയെന്ന് രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏതെങ്കിലുമൊരു പ്രത്യേക മതമോ ചരിത്രമോ സംസ്‌കാരമോ ഭാരത മാതാവിനില്ല. ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയില്‍ രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലിപ്പോള്‍ ഭാരത് മാതാ പോലും അസഭ്യവാക്കായെന്ന് കഴിഞ്ഞദിവസം രാഹുല്‍ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതില്‍ പ്രതികരിച്ചായിരുന്നു വിമര്‍ശനം.