
PHOTO: PTI
മണിപ്പൂരില്‍ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു; പ്രത്യേക ഭരണത്തിനായി പ്രതിഷേധം
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. ഉക്രുവിലെ തോവായില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. കുക്കി വിഭാഗക്കാരാണ് മരിച്ചതെന്നാണ് വിവരം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു.
ഏക പരിഹാരമാര്‍ഗം
മണിപ്പൂരിലെ മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മണിപ്പൂരിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മലയോര മേഖലയില്‍ സമാധാനവും അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കാനുള്ള ഏക പരിഹാരമാണ് ഗോത്രവര്‍ഗക്കാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഭരണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ പ്രത്യേക ഭരണം തേടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രത്യേക ഭരണം സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തും. താഴ്‌വരയിലും കുന്നുകളിലും സമാധാനം നിലനില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ പരിധിയില്‍ പ്രാതിനിധ്യം ആവശ്യപ്പെടാനുള്ള അവകാശം സമൂഹത്തിനുണ്ടെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന് പ്രത്യേകസംഘം
കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയും സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരില്‍ 29 പേര്‍ വനിതകളാണ്. ഡിഐജി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. അക്രമം നടത്തിയവരുമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലും അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് നടന്ന മറ്റ് ആറ് അക്രമങ്ങളും, സായുധസേനയുടെ ആയുധപ്പുരകളില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചതും ഉള്‍പ്പെടെയുള്ള കേസുകളിലും സിബിഐയുടെ പ്രത്യേക സംഘം അന്വേഷണം നടത്തും.
ജൂലായ് 29 ന് കേസുകള്‍ കൈമാറി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സിബിഐയ്ക്ക് നല്‍കിയ നിര്‍ദേശം. സ്ത്രീകളെ നഗ്‌നരായി നടത്തിയ സംഭവവും വംശീയ കലാപത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.