TMJ
searchnav-menu
post-thumbnail

എൻ. ബിരേൻ സിംഗ് | PHOTO: PTI

TMJ Daily

മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; അന്വേഷണവുമായി സര്‍ക്കാര്‍ 

26 Sep 2023   |   2 min Read
TMJ News Desk

ണിപ്പൂരില്‍ നിന്നും കാണാതായ രണ്ട് മെയ്‌തെയ് വിഭാഗം കുട്ടികള്‍ കൊല്ലപ്പെട്ടു. ജൂലൈ ആറിന് കാണാതായ 17 ഉം 20 ഉം വയസ്സുളള വിദ്യാത്ഥികളാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. സിബിഐ ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹിജാം ലിന്തോയിംഗമ്പി, ഫിജാം ഹേംജിത്ത് എന്നിവരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു.

കുട്ടികള്‍ കാട്ടില്‍ സായുധ സംഘത്തിന്റെ താവളത്തില്‍ ഇരിക്കുന്ന ചിത്രത്തിനു സമീപം തോക്കുമേന്തി രണ്ടുപേര്‍ നില്‍ക്കുന്നതു കാണാം. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്നതാണ് മറ്റൊരു ചിത്രം. കുട്ടികളെ കാണാതായതിന് പിന്നാലെ ജൂലൈ 19 ന് നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പോലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.  കാണാതാകുന്നതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ പോകുന്നത് സമീപത്തെ സിസിടിവില്‍ ദൃശ്യമായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിനും പശ്ചാത്തലത്തില്‍ കാണുന്ന ആയുധധാരികളായ രണ്ടുപേരുടെ ഐഡന്റിറ്റി നിര്‍ണയിക്കുന്നതിനും ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ആഴ്ചതോറും കേസ് കേള്‍ക്കാനാവില്ല

മണിപ്പൂരിലെ ഭരണനിര്‍വഹണം നടത്താന്‍ സുപ്രീംകോടതി ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ആഴ്ചയും മണിപ്പൂര്‍ കേസ് കേള്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ മണിപ്പൂരില്‍ ആധാര്‍, ബാക്ക് അക്കൗണ്ട് രേഖകള്‍ നഷ്ടമായവര്‍ക്ക് അവ നല്‍കാനുള്ള നടപടി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

കൂടുതല്‍ സൈനികരെ വിന്യസിച്ചു 

സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അര്‍ധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരില്‍ എത്തിച്ചു. ചുരാചന്ദ്പുരിലെ ബിഎസ്എഫിന്റെ ക്യാമ്പ് താത്കാലിക ജയിലാക്കി മാറ്റാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിരിക്കുന്നത്. കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ മെയ് മുതല്‍ ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ രണ്ടു സ്ഥിരം ജയിലുകളിലും കസ്റ്റഡിയിലെടുക്കുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യമാണ്. ജയിലുകളില്‍ ആളുകള്‍ നിറഞ്ഞതോടെയാണ് ക്യാമ്പ് ജയിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1984 ലെ ജയില്‍ നിയമപ്രകാരമാണ് ചുരാചന്ദ്പുരിലെ ബിഎസ്എഫ് ട്രെയിനിങ് സെന്റര്‍ പരിസരം താത്കാലിക ജയിലാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.


#Daily
Leave a comment