
മണിപ്പൂര്‍ വംശീയാതിക്രമങ്ങള്‍: കുറ്റപത്രം സമര്‍പ്പിച്ചത് 6% കേസുകളില്‍ മാത്രം
മണിപ്പൂരില്‍ വംശീയ അക്രമങ്ങള്‍ അന്വേഷിക്കുന്നതിന് ഇതുവരെ 42 പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ് ഐ ടി) രൂപീകരിക്കുകയും ഈ സംഘങ്ങള്‍ 3,023 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഈ കേസുകളില്‍ ആറ് ശതമാനത്തില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കലാപം ആരംഭിച്ച് 19 മാസങ്ങള്‍ക്കുശേഷമുള്ള കണക്കാണിത്.
ബലാല്‍സംഗം, സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവയ്പ്പ്, കൊള്ള, കൊലപാതകം, മറ്റ് ഹീനകരമായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ 192 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2023 ഓഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജ്യത്തെമ്പാടുനിന്നുമായി തിരഞ്ഞെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചത്. ഈ സംഘങ്ങള്‍ നവംബര്‍ 20 വരെ 384 പേരെ അറസ്റ്റ് ചെയ്യുകയും 742 കുറ്റവാളികളെ തിരിച്ചറിയുകയും 11,901 സാക്ഷികളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. 574 കുറ്റാരോപിതര്‍ക്കെതിരെ കുറ്റപത്രം നല്‍കി.
പൊലീസില്‍ നിന്നും അക്രമികള്‍ തട്ടിയെടുത്ത 501 ആയുധങ്ങള്‍ എസ്‌ഐടി തിരിച്ചുപിടിച്ചു. 13,464 വെടിമരുന്നും പിടിച്ചെടുത്തു. കേസുകളില്‍ വിചാരണ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. 2023 മെയ് നാലിന് ജനക്കൂട്ടം രണ്ട് കുക്കി-സോ സ്ത്രീകളെ നഗ്നരാക്കി പരസ്യമായി നടത്തിച്ച കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. എന്നാല്‍, ഈ കേസില്‍ 2023 ഒക്ടോബറില്‍ ആറുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണം നടന്ന് രണ്ട് മാസത്തിനുശേഷം സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതും സിബിഐയ്ക്ക് കൈമാറിയതും.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം എസ്‌ഐടികളെ ആറ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പും ഓരോ തരം കുറ്റകൃത്യങ്ങളാണ് അന്വേഷിക്കുന്നത്. എസ്‌ഐടികള്‍ 126 കൊലപാതക കേസുകള്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഒമ്പത് കേസുകള്‍, കൊള്ളയും കൊള്ളിവയ്പ്പുമായി ബന്ധപ്പെട്ട് 2888 കേസുകള്‍ അന്വേഷിക്കുന്നുണ്ട്.