REPRESENTATIONAL IMAGE : PTI
മണിപ്പൂര്‍ കലാപം: ചുരാചന്ദ്പൂരില്‍ സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം; ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി
മണിപ്പൂരില്‍ മെയ്‌തേയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി-സോമി വിഭാഗക്കാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി. ഒക്‌ടോബര്‍ ആറു വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. എന്‍ഐഎയും സിബിഐയും അറസ്റ്റ് ചെയ്ത ഏഴുപേരെയും വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്. ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരെ ഗുവാഹത്തിയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുറ്റവാളികള്‍ക്ക് ക്യാപിറ്റല്‍ പണിഷ്‌മെന്റ്
'കുറ്റകൃത്യം ചെയ്തതിനുശേഷം അവര്‍ ഒളിച്ചോടിയേക്കാം. പക്ഷേ, നിയമത്തിന്റെ കൈകളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അവര്‍ ചെയ്ത കുറ്റത്തിന് വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്' മുഖ്യമന്ത്രി ബിരേന്‍ സിങ് എക്‌സ് (ട്വിറ്റര്‍) ല്‍ കുറിച്ചു.
ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിനും ഇടയാക്കുമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കും. തെറ്റായ വിവരങ്ങളുടെ സംപ്രേഷണം പ്രക്ഷോഭകരെയും പ്രകടനക്കാരെയും അണിനിരത്തുന്നതിന് ഇടയാക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
വെറുപ്പിന്റെ അതിര്‍ത്തി
പ്രതിഷേധത്തിന്റെ ഭാഗമായി ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ അടച്ചിടലിന് കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തു. അറസ്റ്റിലായവരെ മോചിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് കുക്കി സമുദായ നേതാക്കളുടെ തീരുമാനം. മെയ്‌തേയ് സമുദായക്കാര്‍ താമസിക്കുന്ന പ്രദേശവുമായി അതിര്‍ത്തി അടച്ചിടാനാണ് തീരുമാനം. സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുടിവെള്ള വിതരണം, അവശ്യവസ്തുക്കള്‍, ആശുപത്രി സേവനങ്ങള്‍ എന്നിവ അനുവദിക്കുമെന്നും സമരനേതാക്കള്‍ അറിയിച്ചു.
ജൂലൈ ആറിന് കാണാതായ 17 ഉം 20 ഉം വയസ്സുളള മെയ്‌തേയ് വിദ്യാത്ഥികളാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. സിബിഐ ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു ഹിജാം ലിന്തോയിംഗമ്പി, ഫിജാം ഹേംജിത്ത് എന്നിവരുടെ മരണം സ്ഥിരീകരിച്ചത്.