TMJ
searchnav-menu
post-thumbnail

TMJ Daily

മണിപ്പൂര്‍: ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

22 Jan 2025   |   1 min Read
TMJ News Desk

ബിജെപിയെ ഞെട്ടിച്ച് മണിപ്പൂരില്‍ സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിന്‍വലിച്ചു. മണിപ്പൂര്‍ നിയമസഭയില്‍ ജനതാദള്‍ യുണൈറ്റഡിന് ഒരു എംഎല്‍എ ആണ് ഉള്ളത്. 2022 സെപ്തംബറില്‍ നിയമസഭ നിലവില്‍ വന്നപ്പോള്‍ ആറ് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ അഞ്ചുപേര്‍ ബിജെപിയില്‍ അംഗമായി. അവശേഷിച്ച അംഗമായ മുഹമ്മദ് അബ്ദുള്‍ നാസിര്‍ ആണ് പിന്തുണ പിന്‍വലിച്ചത്. ലിലോങ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് മുഹമ്മദ് അബ്ദുള്‍ നാസിര്‍.

ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ഔദ്യോഗികമായി ലെറ്റര്‍പാഡില്‍ അറിയിച്ചു. ജെഡിയുവിന്റെ മണിപ്പൂര്‍ പ്രസിഡന്റായ ക്ഷത്രിമായും ബിരേന്‍ സിങ്ങും പിന്തുണ പിന്‍വലിച്ച കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷത്ത് ഇരിക്കാനാണ് ജെഡിയുവിന്റെ തീരുമാനം.

സംസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ ജെഡിയുവിന്റെ പിന്തുണ പിന്‍വലിക്കല്‍ ബിജെപി സര്‍ക്കാരിന് ഭീഷണി ആകില്ല. എന്നാല്‍ സംസ്ഥാനത്തെ ചെറുപാര്‍ട്ടികള്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കുന്നത് തുടര്‍ക്കഥയാകുകയാണ്.

സംസ്ഥാനത്ത് കുക്കികളും മെയ്തികളും തമ്മില്‍ കലാപം തുടരുന്നതിന് ഇടയില്‍ 2024 നവംബറില്‍ കോണ്‍റാഡ് സാംഗ്മയുടെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. കലാപത്തെ അടിച്ചമര്‍ത്തുന്നതില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പരാജയപ്പെട്ടുവെന്ന് സാംഗ്മ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

2023 ഓഗസ്റ്റില്‍ കുക്കി പീപ്പിള്‍സ് അലയന്‍സും സംസ്ഥാനത്തെ കലാപം ചൂണ്ടിക്കാണിച്ച് പിന്തുണ പിന്‍വലിച്ചിരുന്നു.



#Daily
Leave a comment