PHOTO: PTI
മണിപ്പൂര്‍ വിഷയത്തില്‍ മോദിയുടെ മൗനത്തിനെതിരെ രാഹുല്‍ ഗാന്ധി
മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെയ് ആദ്യവാരം ഉടലെടുത്ത കലാപത്തെ കുറിച്ച് ഇതുവരെ മോദി ഒരക്ഷരവും മിണ്ടിയിട്ടില്ല. ഇപ്പോള്‍ വിദേശ പര്യടനത്തിലുമാണ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ഉള്‍പ്പെടെ മണിപ്പൂര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്ത കാര്യവും രാഹുല്‍ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
'മണിപ്പൂര്‍ കത്തുന്നു, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടിയില്ല! അതിനിടയില്‍ റഫാല്‍, ബാസ്റ്റില്‍ ഡേ പരേഡിന് മോദിക്ക് ടിക്കറ്റ് നല്‍കിയിരിക്കുന്നു' രാഹുല്‍ ഗാന്ധി മോദിയുടെ മൗനത്തിനെതിരെ ട്വീറ്റ് ചെയ്തു. ജൂലൈ 13, 14 ദിവസങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ക്ഷണം സീകരിച്ച് ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുകയും ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ വിശിഷ്ഠാതിഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 29 നാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചയെ എതിര്‍ത്ത് ഇന്ത്യ
മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ നീക്കത്തെ തള്ളി ഇന്ത്യ. മണിപ്പൂര്‍ വിഷയം പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന്, ഇന്ത്യന്‍ ഫോറിന്‍ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളെ പിന്തിരിപ്പിക്കാനായി, ഇന്ത്യ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിട്ടും യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും ക്വാത്ര കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മെയ് മൂന്നിന് അക്രമം പൊട്ടിപുറപ്പെട്ടതിനുശേഷം 142 ലധികം പേര്‍ കൊല്ലപ്പെട്ട കലാപം തുടരുന്ന സാഹചര്യത്തിലാണ് അക്രമത്തെക്കുറിച്ച് അടിയന്തര സംവാദം നടത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനിക്കുന്നത്.
ആറ് പാര്‍ലിമെന്ററി ഗ്രൂപ്പുകള്‍ യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച പ്രമേയം, സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന അക്രമങ്ങളെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ചു. രാഷ്ട്രീയപ്രേരിതവും ഹിന്ദുഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ വിഭജനനയങ്ങളെയും തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സംയുക്ത പ്രമേയത്തില്‍ പറയുന്നു. മാധ്യമങ്ങളുടെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും വിവരശേഖരണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്താനും ഇന്റര്‍നെറ്റ് ആക്‌സസ് വെട്ടിക്കുറയ്ക്കാനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ പ്രമേയം ശക്തമായി വിമര്‍ശിച്ചു. യുഎന്‍ ന്റെ ശുപാര്‍ശകള്‍ക്കനുസരിച്ച് സായുധസേനയുടെ പ്രത്യേക അധികാര നിയമമായ Armed Forces Special Power Act പിന്‍വലിക്കണമെന്നും സൈനികരെ വിന്യസിപ്പിക്കുന്നതിലും തോക്കുകള്‍ ഉപയോഗിക്കുന്നതിലും യുഎന്‍ ന്റെ അടിസ്ഥാനതത്ത്വങ്ങള്‍ നിയമ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കലാപം ആഭ്യന്തര പ്രശ്‌നമെന്ന് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് പാര്‍ലമന്റ് യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചക്കെതിരെ പ്രതിഷേധം അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ആറ് ഗ്രൂപ്പുകള്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്. മോദിയുടെ വിദേശ സന്ദര്‍ശന വേളയില്‍ രാജ്യത്തിനകത്തെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ ലംഘനങ്ങളും ചര്‍ച്ചയാകുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
അശാന്തിക്കു പിന്നില്‍
മെയ്തി, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ രൂക്ഷമായത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തത്. മെയ്തികള്‍ പ്രധാനമായും ഹിന്ദുക്കളും കുക്കികള്‍ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭയിലെ 60 സീറ്റുകളില്‍ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാല്‍ കുക്കിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്.