TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

സംഘർഷം ഒഴിയാതെ മണിപ്പൂർ; തകർത്തത് 40ലേറെ പള്ളികളെന്ന് ഇംഫാൽ അതിരൂപത

12 May 2023   |   3 min Read
TMJ News Desk

ണിപ്പൂരിൽ പല സ്ഥലങ്ങളിലും സംഘർഷം തുടരുന്നതായി റിപ്പോർട്ടുകൾ. ട്രോങ്‌ലോബി ബിഷ്ണുപൂർ ജില്ലയിൽ പൊലീസ് കമാൻഡോകളും അക്രമികളും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച അർദ്ധസൈനിക വിഭാഗത്തിന് നേരെ ആയുധധാരികൾ വെടിയുതിർത്തു. കലാപത്തിൽ 40 ലധികം പള്ളികൾ തകർത്തതായി ഇംഫാൽ അതിരൂപത അറിയിച്ചു. 

തുടർച്ചയായി അക്രമം ഉണ്ടായ സാഹചര്യത്തിലും ആരാധനാലയങ്ങൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സുരക്ഷ ലഭിച്ചില്ലെന്നും പള്ളികൾ തകർക്കാൻ അക്രമികൾ ജെസിബിയുമായി എത്തിയതായും അതിരൂപത പറഞ്ഞു. ഇപ്പോഴും മണിപ്പൂരിൽ ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല. ആസൂത്രിത അക്രമമാണ് പലയിടങ്ങളിലും നടന്നതെന്നും പൊലീസിനെ ബന്ധപ്പെട്ടെങ്കിലും സുരക്ഷാ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും സഭ ആരോപിച്ചു. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസും ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു, സമാധാനം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉടൻ ഏർപ്പെടുത്തണം. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 20 ലക്ഷം രൂപയും വീടുകൾ തകർന്നവർക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണം. കേന്ദ്രസർക്കാരും  സംസ്ഥാന സർക്കാരും ഭരണഘടന അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് വക്താവ് ഭക്ത ചരൺ ദാസ് പറഞ്ഞു. കലാപ സാഹചര്യത്തിൽ ആളുകളെ പുനഃരധിവസിപ്പിക്കാനും ആരാധനാലയങ്ങൾ സംരക്ഷിക്കാനും സുപ്രീം കോടതി നിർദേശം ഉണ്ടായിരുന്നു. കലാപത്തിൽ 60 പേർ മരിച്ചതായും 231 പേർക്ക് പരിക്കേറ്റതായും മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. 1700 ലധികം വീടുകൾ അഗ്നിക്കിരയായി. നിരവധിപേർ അയൽ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. 

കലാപത്തിനു പിന്നിൽ

ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾക്കെതിരെ നടന്ന പ്രതിഷേധ റാലിയാണ് മണിപ്പൂരിൽ സംഘർഷത്തിൽ കലാശിച്ചത്. ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ ചുരാചന്ദ്പൂരിൽ നടത്തിയ റാലിയിലാണ് സംഘർഷം ഉണ്ടായത്. ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും പ്രശ്നബാധിത മേഖലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്പോക്പി തുടങ്ങിയ ജില്ലകളിലായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചത്. സംഘർഷത്തെ തുടർന്ന് നിരവധി വീടുകൾ അക്രമിക്കപ്പെട്ടു. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാർ ഏറ്റുമുട്ടിയതാണ് സംഘർഷത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. 

മെയ്തേവി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകണമെന്ന ആവശ്യത്തിനെതിരെയാണ് ആദിവാസി വിഭാഗം പ്രതിഷേധിച്ചത്. മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ മെയ് നാലിനും റാലി നടന്നിരുന്നു. തന്റെ സംസ്ഥാനം കത്തുകയാണെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് മേരികോം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുണ്ടായി. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി വിഭാഗത്തിന് എസ്.ടി പദവി നൽകണമെന്ന ആവശ്യം ഭരണകൂടം പരിഗണിക്കവേയാണ് സംഘർഷം. വംശീയവും,  ഭൂമിശാസ്ത്രപരവുമായ സവിശേഷതകളോടൊപ്പം മതപരമായ വ്യത്യാസങ്ങളും ചേർന്നതോടെ ഇപ്പോഴത്തെ കലാപങ്ങൾ രൂക്ഷമായി. 30 ലക്ഷം വരുന്ന ജനസംഖ്യയിൽ 41 ശതമാനം വീതം ഹിന്ദുക്കളും, ക്രിസ്ത്യാനികളും 8.4 ശതമാനം മുസ്ലിമുകളും കഴിഞ്ഞാൽ ബാക്കി സിഖുകാരും, ബുദ്ധ-ജൈന മതക്കാരുമാണ്.  

മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദി മെയ് നാലിന് വ്യാഴാഴ്ച ജനക്കൂട്ടം കത്തിച്ചത് സംഘർഷം വ്യാപകമാകാൻ കാരണമായി. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങളുമടക്കമുള്ള പ്രദേശങ്ങൾ സംബന്ധിച്ച് ബിജെപി സർക്കാർ സർവേ നടത്തുന്നതിനെതിരെയാണ മെയ് നാലിന് പ്രതിഷേധം നടന്നത്. അനധികൃത നിർമാണത്തിന്റെ പേരിൽ മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങൾ പൊളിച്ചുനീക്കിയതിനെതിരെയും പ്രതിഷേധം നടക്കുന്നു. വളരെ പവിത്രമായി കാണേണ്ട ദേവാലയങ്ങൾ യാതൊരു ബഹുമാനവും കൂടാതെയാണ് സർക്കാർ തകർത്തതെന്ന് സംഘടനകൾ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചതാണ്. ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സംരക്ഷിത വനങ്ങളുടെയും നീർത്തടങ്ങളുടെയും സർവെ നടത്തുന്നതിലൂടെ കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സർവെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. എന്നാൽ, അനധികൃത നിർമാണം പൊളിച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നായിരുന്നു സർക്കാർ വിശദീകരണം.

ധ്രുവീകരണം നേരിട്ട് മണിപ്പൂർ 

30 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂർ. അവിടെ ദിവസങ്ങളായി തുടരുന്ന സംഘർഷം വടക്കു-കിഴക്കൻ മേഖലയിലാകെ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണ്. ഇംഫാൽ താഴ്വാരവും അതിന് ചുറ്റിലുമുള്ള കുന്നിൻപുറങ്ങളും ചേർന്നതാണ് മണിപ്പൂരിന്റെ ഭൂമിശാസ്ത്രം. ജനങ്ങളുടെ ആവാസവ്യവസ്ഥയിലും ഈ സവിശേഷത കാണാം. താഴ്‌വരയിൽ പ്രധാനമായും മെയ്തി വംശജരും കുന്നിൻപുറങ്ങൾ മലയോര നിവാസികളായ ഗോത്ര വർഗ്ഗങ്ങളും എന്നതാണ് മണിപ്പൂരിന്റെ ആവാസവ്യവസ്ഥ. വൈഷ്ണവ വിശ്വാസികളായ മെയ്തികളാണ് മണിപ്പൂരിലെ ഭൂരിപക്ഷം. നാഗ, കുക്കി തുടങ്ങിയ മലയോര ഗോത്ര വർഗങ്ങളാണ് മറ്റുള്ള പ്രബല വിഭാഗം.

വടക്കു-കിഴക്കൻ മേഖലയിലെ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന ബിജെപി തങ്ങളുടെ സാന്നിധ്യം അവിടെ ശക്തമാക്കിയതാണ് മതപരമായ ധ്രുവീകരണത്തെ ഇന്നത്തെ നിലയിൽ എത്തിച്ചതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. മണിപ്പൂരിലടക്കം വടക്കു-കിഴക്കൻ മേഖലയിൽ കാലങ്ങളായി സ്വന്തം സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള വാദം ശക്തമാണ്. എന്നാൽ ഈ സമരങ്ങളെ തകർക്കുന്നതിനായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന ഭിന്നിപ്പിച്ചുള്ള ഭരണമാണ് ഇപ്പോഴത്തെ കലാപങ്ങൾക്ക് തുടക്കമിട്ടതെന്നാണ് വിലയിരുത്തലുകൾ. 

മണിപ്പൂരിലെ പുരാതന ജനവിഭാഗമെന്ന് അവകാശപ്പെടുന്ന മെയ്തികൾ ഇംഫാലിനോടുചേർന്ന താഴ്‌വരകളിലാണ് താമസിക്കുന്നത്. ഗോത്രസംവരണത്തിനു വേണ്ടിയുള്ള മെയ്തികളുടെ ആവശ്യത്തിന് ഒരു ദശാബ്ദം പഴക്കമുണ്ട്. മ്യാൻമാറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റത്തിന്റെ ഫലമായി തങ്ങളുടെ അസ്തിത്വം നിലനിർത്താൻ ഗോത്ര വിഭാഗങ്ങൾക്ക് ഉള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്നുമാണ് മെയ്തികളുടെ ആവശ്യം. 1949 സെപ്റ്റംബർ 21 ന്  മണിപ്പൂർ നാട്ടുരാജ്യവും ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പുവെച്ചപ്പോൾ മെയ്തി വിഭാഗത്തിന് ആദിവാസി പദവി ഉണ്ടായിരുന്നെന്നും അതിനാൽ അവരെ എസ്ടി പട്ടികയിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കണമെന്നുമാണ് വാദം. മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തിയും, ഭൂരിപക്ഷ സമുദായത്തിന് എസ്ടി പദവി നൽകാൻ തീരുമാനം എടുത്തും ക്രിസ്ത്യൻ ഭൂരിഭാഗമുള്ള ഗോത്രവർഗ വിഭാഗങ്ങളെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സമ്മർദത്തിലാക്കുന്നതിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴത്തെ കലാപങ്ങളിൽ കാണാനാവും


#Daily
Leave a comment