IMAGE: WIKI COMMONS
മണിപ്പൂർ കലാപം; തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി
മണിപ്പൂരിൽ കലാപാന്തരീക്ഷം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി. കലാപവുമായി ബന്ധപ്പെട്ട് പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു.
സംഘർഷ സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. കലാപാന്തരീക്ഷത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കേണ്ടത്. കൂടാതെ പാർപ്പിടം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, ക്യാമ്പുകളിൽ കഴിയുന്നവർക്ക് ലഭ്യമാക്കിയ സൗകര്യങ്ങൾ, സൈന്യത്തിന്റെ വിന്യാസം, എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ജൂലൈ 10-നകം് സമർപ്പിക്കണം എന്നാണ് നിർദേശം.
സർക്കാർ സ്‌പോൺസർ കലാപം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി ഹാജരായത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. സാഹചര്യം മെച്ചപ്പെട്ടു വരികയാണെന്നും 24 മണിക്കൂർ കർഫ്യൂ അഞ്ച് മണിക്കൂറാക്കി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് ആണ്. കുക്കികൾക്കെതിരെ ഭരണകൂടം സ്‌പോൺസർ ചെയ്ത കലാപമാണ് നടക്കുന്നതെന്ന് കോളിൻ ഗോൺസാൽവസ് പറഞ്ഞു. കലാപത്തിൽ ഇതുവരെ 120 ഓളം പേർ കൊല്ലപ്പെടുകയും 3000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
അശാന്തിക്കു പിന്നിൽ
മെയ്തി, കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ രൂക്ഷമായത്. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം ഉടലെടുത്തത്. മെയ്തികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാൽ കുക്കിലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരിൽ നടത്തുന്ന സംഘർഷങ്ങൾ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്. മണിപ്പൂരിൽ ഒരുമാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഏകദേശം നൂറിലേറെപേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കലാപത്തിൽ 131 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസത്തെ സർവകക്ഷിയോഗത്തിൽ അറിയിച്ചിരുന്നു. കലാപബാധിതർക്ക് കേന്ദ്രസർക്കാർ 101.75 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.