മണിപ്പൂരിലെ വംശീയ അതിക്രമത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നവർ | PHOTO: PTI
മണിപ്പൂര്‍ കലാപം: പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര നീക്കം; കുക്കി-മെയ്തി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി
വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ പ്രശ്‌നപരിഹാര നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കലാപം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. കുക്കി-മെയ്തി വിഭാഗം പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലാണ് ചര്‍ച്ച.
മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം ചര്‍ച്ചയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വടക്കു-കിഴക്കന്‍ സംസ്ഥാനക്കാരായ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കുക്കി വിഭാഗവുമായി ബുധനാഴ്ച ചര്‍ച്ച നടത്തി. ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ മെയ്തി വിഭാഗവുമായും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
കലാപം രൂക്ഷമാകുന്നതിനു മുമ്പ് കുക്കി-മെയ്തി വിഭാഗങ്ങളുമായി നേരത്തെയും കേന്ദ്രം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ അക്രമം അവസാനിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതേസമയം, ബുധനാഴ്ച മ്യാന്‍മാര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൊറേയില്‍ ആയുധങ്ങളുമായി എത്തിയ കലാപകാരികള്‍ നാട്ടുകാരെ ആക്രമിച്ചു. മെയ്തി സമുദായത്തില്‍പ്പെട്ട 30 ഓളം പേരുടെ വീടുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. മൊറേ മാര്‍ക്കറ്റും അഗ്നിക്കിരയാക്കി. കാംഗ്‌പോങ്പി ജില്ലയില്‍ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്നിക്കിരയാക്കി.
'ഇന്ത്യ' പ്രതിനിധികള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂരിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശനം. പ്രതിപക്ഷത്തെ 26 പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ഇന്ത്യ.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ചംഗ പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രണ്ടു ദിവസം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി
മണിപ്പൂര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി ലോക്സഭാ സ്പീക്കര്‍. വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം പ്രമേയം അവതരിപ്പിക്കാനുള്ള തീയതിയും സമയവും അറിയിക്കാമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ഭാഗമല്ലാത്ത ബിആര്‍എസുമാണ് നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചനിലപാട് സ്വീകരിച്ചതോടെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാം ദിവസവും ഇരുസഭകളും തടസ്സപ്പെട്ടു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയും ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവുമാണ് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കൂടിയാലോചനയിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി പ്രതികരിക്കണം
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച വേണമെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കേണ്ടി വരും. ഇതു കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ മുന്നണികള്‍ തീരുമാനിച്ചത്.
'മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായുള്ള വിശദമായ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയമല്ലാതെ മറ്റു മാര്‍ഗമില്ല. പാര്‍ലമെന്റിലെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദി മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രസ്താവന നടത്തണം' കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ലോക്സഭയില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാല്‍, ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ തുറന്നടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കും. പ്രമേയത്തിന് അവതരണാനുമതി നല്‍കാനുള്ള അധികാരം ലോക്സഭയ്ക്കാണ്. പ്രമേയം അവതരിപ്പിക്കുന്ന ദിവസം രാവിലെ അനുമതി തേടി നോട്ടീസ് സ്പീക്കര്‍ക്ക് സമര്‍പ്പിക്കണം. പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ സഭയ്ക്കുള്ളില്‍ പരിശോധിക്കും. അമ്പതില്‍ കുറയാത്ത അംഗങ്ങള്‍ പിന്തുണ രേഖപ്പെടുത്തിയാല്‍ പ്രമേയത്തിന് ലോക്സഭ അനുമതി നല്‍കും. അനുമതി ലഭിച്ച് 10 ദിവസത്തിനുള്ളില്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം മോദി സര്‍ക്കാരിനെതിരെ 2018 ജൂലൈ 20 ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, 325-126 എന്ന വോട്ടുനിലയില്‍ പ്രമേയം പരാജയപ്പെട്ടു. ലോക്സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗപിന്തുണയാണ് വേണ്ടത്.
കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കെട്ടിക്കിടക്കുന്നു
മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട നൂറിലധികം ആളുകളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാതെ സംസ്ഥാനത്തെ പല ആശുപത്രി മോര്‍ച്ചറികളിലുമായി കെട്ടികിടക്കുകയാണ്. മൂന്നുമാസത്തിലധികമായി തുടരുന്നതാണ് ഈ അവസ്ഥ. ബന്ധുക്കള്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉണ്ട്. ഇംഫാല്‍ താഴ്വരയിലുള്ള മെയ്തി വിഭാഗത്തില്‍പ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ മാത്രമാണ് സംസ്‌കരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 160 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു.