TMJ
searchnav-menu
post-thumbnail

TMJ Daily

മണിപ്പൂര്‍ കലാപം: മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്

31 Dec 2024   |   1 min Read
TMJ News Desk

ണിപ്പൂരില്‍ 2023 മെയ് മാസം മുതല്‍ നടക്കുന്ന കലാപത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് മാപ്പ് പറഞ്ഞു. ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു. 'എനിക്ക് ദുഃഖമുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങള്‍ മുന്‍കാല തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പൂരിലേക്ക് നമ്മള്‍ പുതിയ ജീവിതം ആരംഭിക്കണം,' ബിരേന്‍ സിങ് പറഞ്ഞു.

'ഒട്ടേറെപ്പേര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലരും വീടുവിട്ടു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025ല്‍ സാഹചര്യം മെച്ചപ്പെടുമെന്നും സാധാരണ നില പുനസ്ഥാപിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്ന് നാല് മാസമായുള്ള സമാധാനത്തിലേക്കുള്ള പുരോഗതി കാണുമ്പോള്‍ 2025ല്‍ സംസ്ഥാനത്ത് സാധാരണനില കൈവരിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഇതുവരെ ഏകദേശം 200 പേര്‍ മരിച്ചുവെന്നും 12,247 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 625 പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കലാപത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ കേന്ദ്രം ആവശ്യത്തിന് പണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




#Daily
Leave a comment