PHOTO: PTI
വംശീയ പ്രതികാരത്തില്‍ മണിപ്പൂര്‍; കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ കൂടുതല്‍ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തോബാലില്‍ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിനു പിന്നാലെ മറ്റു രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നു. അക്രമസംഭവങ്ങളില്‍ പോലീസ് നിഷ്‌ക്രിയമാകുന്നതിനെതിരെ ഇംഫാലിലെ പ്രധാന റോഡിന്റെ ഇരുവശവും പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. പോലീസും സൈന്യവും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ സംഘര്‍ഷം രൂക്ഷമായി. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 19 കാരന്‍ ഉള്‍പ്പെടെ അസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഇംഫാലില്‍ കാര്‍ വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന കുക്കി വിഭാഗത്തില്‍പ്പെട്ട 21 ഉം 24 ഉം വയസുള്ള യുവതികളാണ് മരിച്ചത്. യുവതികളെ നഗ്‌നരാക്കി നടത്തിയ മെയ് നാലിനു തന്നെയാണ് ഈ സംഭവവും നടന്നതെന്നാണ് റിപ്പോര്‍ട്ട്. പിറ്റേന്ന് ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്. കാങ്പൊക്പി ജില്ലയില്‍ ഉള്ളവരായിരുന്നു അക്രമത്തിന് ഇരയായത്. യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സംഭവവും നടന്നിരിക്കുന്നതെന്നാണ് വിവരം. മണിപ്പൂരിലെ കാങ്‌പൊക്പി ജില്ലയിലെ ഗ്രാമത്തില്‍ മെയ് നാലിന് ആയിരത്തോളം വരുന്ന സായുധ ജനക്കൂട്ടം വീടുകള്‍ ആക്രമിക്കുകയും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
പിന്നില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം
കാര്‍ വാഷ് സെന്ററില്‍ നിന്നും യുവതികളെ വലിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. യുവതികളെ ബലാത്സംഗം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് 16 ന് 21 കാരിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഏകദേശം ഒരു മാസത്തിനുശേഷം ജൂണ്‍ 13 നാണ് സംഭവം നടന്ന ഇംഫാല്‍ ഈസ്റ്റിലെ പോരമ്പത്ത് പോലീസിന് കേസ് കൈമാറിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും മരണത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒരേ ഗ്രാമത്തില്‍ നിന്നുമുള്ള രണ്ടു യുവതികളും നഗരത്തില്‍ തന്നെയായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. അക്രമം നടന്ന ദിവസം മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് മണിപ്പൂരി സംസാരിച്ച ഒരു സ്ത്രീയാണെന്ന് അമ്മ ആരോപിക്കുന്നു. ക്രൂര അതിക്രമത്തിന് ഇരയായ യുവതികളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി യുവതികളുടെ സുഹൃത്ത് വെളിപ്പെടുത്തി. പിറ്റേദിവസം ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ മരിച്ചതായാണ് വിവരം ലഭിച്ചതെന്നും സുഹൃത്ത് പറഞ്ഞു.
മെയ് മാസം അവസാനമാണ് രണ്ട് ഫോട്ടോകള്‍ പോലീസ് കുടുംബത്തിന് അയച്ചത്. പിന്നീട് പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. മെയ് നാലിന് രണ്ടു യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനില്‍ പരാമര്‍ശിച്ച സംഭവങ്ങളില്‍ ഈ കേസും ഉള്‍പ്പെടുന്നു.
സ്വരം കടുപ്പിച്ച് സുപ്രീംകോടതി
മണിപ്പൂര്‍ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. അങ്ങേയറ്റം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന് അല്‍പം സമയം തരുന്നു. ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ നേരിട്ട് ഇടപെടും എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ജൂലൈ 28 ന് കേസ് പരിഗണിക്കുന്നതിന് മുമ്പായി റിപ്പോര്‍ട്ടു നല്‍കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടായി സുപ്രീംകോടതി നിര്‍ദേശിച്ചു. കൂടാതെ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടു.
കെട്ടടങ്ങാതെ കലാപം: സ്ത്രീകളെ നഗ്‌നരാക്കി നടത്തി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡില്‍ കൂടി നഗ്‌നരാക്കി നടത്തുന്ന വീഡിയോ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കുക്കി വിഭാഗത്തില്‍ പെടുന്ന രണ്ട് സ്ത്രീകളെയാണ് നഗ്‌നരായി നടത്തിയത് എന്നാണ് കുക്കി സംഘടനയായ ഐടിഎല്‍എഫ് ആരോപിക്കുന്നത്. സ്ത്രീകളെ ആള്‍ക്കൂട്ടം ഒരു പാടത്തേക്ക് നടത്തി കൊണ്ടുപോകുന്നതായി വീഡിയോയില്‍ കാണാം. ഇതിനിടയില്‍ അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നടുക്കുന്ന ദൃശ്യം പുറത്തുവിട്ടത് ഐടിഎല്‍എഫ് ആണ്. മെയ് നാലിന് ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 19 കാരന്‍ ഉള്‍പ്പെടെ അസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപം ശമനമില്ലാതെ തുടരുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനങ്ങളാണ് രാജ്യത്ത് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് പാര്‍ലമെന്റ് യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചയ്ക്കെതിരെ പ്രതിഷേധം അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ആറ് ഗ്രൂപ്പുകള്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്.