
മണിപ്പൂർ കലാപം: ബിജെപി പിന്തുണ പിൻവലിച്ച് എൻപിപി
മണിപ്പൂർ കലാപം രൂക്ഷമായ സാഹചര്യത്തിൽ ബിജെപി സഖ്യ സർക്കാരിൽ നിന്ന് നാഷണൽ പീപ്പിൾസ് പാർട്ടി പിൻമാറി. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എൻപിപി. ഏഴ് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘർഷാവസ്ഥ പിൻവലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നരോപിച്ചാണ് പിൻമാറ്റം. സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളിൽ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചു കൊണ്ടാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്.
സംഘർഷം ശക്തമായതിനെ തുടന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചു. ഉച്ചക്ക് 12 മണിക്കാണ് ഡൽഹിയിൽ യോഗം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുവാൻ ഇന്നലെ നടന്ന യോഗത്തിൽ ഷാ നിർദേശം നൽകിയിരുന്നു. അതിന് ശേഷമുള്ള സ്ഥിതിഗതികളെ വിലയിരുത്തുന്നതിനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.
സംസ്ഥാന സർക്കാർ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻപിപി തുറന്നടിച്ചു. പ്രധാനപ്പെട്ട സഖ്യകക്ഷിയെ നഷ്ടപ്പെട്ടുവെങ്കിലും ബിജെപി സർക്കാരിന്റെ നിലനിൽപ്പിനെ ഇത് ബാധിക്കില്ല. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിയ്ക്ക് 37 അംഗങ്ങളാണുള്ളത്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ ഒരു എംഎൽഎ, നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ അഞ്ച് എം.എല്‍.എമാര്‍, മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ എന്നിവരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.