മണിപ്പൂര്‍ കലാപം | PHOTO: PTI
മണിപ്പൂര്‍ കലാപം: ബഫര്‍ സോണുകള്‍ തിരിച്ച് സുരക്ഷാസേന; ഇടപെടാന്‍ മടിച്ച് കോടതി
മണിപ്പൂരില്‍ കലാപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇംഫാല്‍ താഴ്‌വരയെ ബഫര്‍ സോണുകളാക്കി തിരിച്ച് നിരീക്ഷണം ശക്തമാക്കി സുരക്ഷാസേന. സമാധാനം പുനഃസ്ഥാപിക്കുന്നതുവെര കുക്കി ജനസാന്ദ്രതയുള്ള ഇംഫാല്‍ താഴ്‌വരയുടെ അരികില്‍ ബഫര്‍ സോണുകള്‍ സൃഷ്ടിച്ച് മെയ്തി, കുക്കി വിഭാഗങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് സൈന്യത്തിന്റെ ഇടപെടല്‍.
വെടിവയ്പിനും തീപിടുത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങള്‍, മെയ്തി, കുക്കി ഗ്രാമങ്ങളുടെ സാമീപ്യം, ആവാസവ്യവസ്ഥകളുടെ ഭൂപ്രകൃതി ക്രമീകരണം എന്നിവ അനുസരിച്ചാണ് ബഫര്‍ സോണുകള്‍ വേര്‍തിരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യം, അസം റൈഫിള്‍സ്, ബിഎസ്എഫ് എന്നിവയുടെ നിരകള്‍ ഈ മേഖലകളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
മെയ് മാസത്തെ ആദ്യ കലാപത്തിനുശേഷം ജൂണില്‍ രണ്ടാമതും സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇംഫാല്‍ താഴ്‌വരയിലാണ്. ഇരുവിഭാഗങ്ങളും പരസ്പരം വീടുകള്‍ക്ക് തീവച്ചതും വെടിവയ്പ്പും സൈന്യത്തിനു നേരെയുള്ള ആക്രമണങ്ങളും നടത്തിയത് ഈ മേഖലയിലാണ്. സുരക്ഷാസേനയുടെ ശ്രദ്ധയെത്താത്ത മേഖലകളില്‍ ഡ്രോണുകള്‍ വഴി നിരീക്ഷണം നടത്തിയിട്ടും ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയാത്തതും ബഫര്‍സോണ്‍ തിരിച്ചുള്ള നിരീക്ഷണത്തിനു കാരണമായി. മെയ് മൂന്നു മുതല്‍ മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമായും മെയ്തി, കുക്കി-സോമി വിഭാഗങ്ങള്‍ക്കിടയിലായിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം നാഗാ വിഭാഗങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി.
അടിയന്തര ഇടപെടല്‍ തള്ളി കോടതി
കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഗോത്രവര്‍ഗക്കാരെ സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശം തേടി ട്രൈബല്‍ ഫോറം സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരവാദം സുപ്രീംകോടതി നിരസിച്ചു. ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി മാറ്റിയത്. അക്രമം രൂക്ഷമായ ചുരാചന്ദ്പൂര്‍, ചന്ദേല്‍, കാങ്‌പോക്പി, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ ഗോത്രവര്‍ഗക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്നും സൈന്യത്തെ ഇറക്കണമെന്നും മുഴുവന്‍ ക്രമസമാധാന ചുമതലയും സൈന്യത്തിന് കൈമാറണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്കു മാത്രമെ കഴിയൂവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസാണ് വിഷയം പരാമര്‍ശിച്ചത്. അക്രമം തടയുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും 70 ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി. അതേസമയം സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
മുന്നറിയിപ്പുമായി മുഖ്യമന്ത്രി
മണിപ്പൂരില്‍ രണ്ടാംഘട്ട സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കലാപകാരികള്‍ക്ക് മുന്നറിയിപ്പുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങ്. ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അക്രമം ഉടനടി അവസാനിപ്പിക്കേണ്ടതുണ്ട്. മെയ്തി വിഭാഗത്തോട് ആക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഇംഫാലിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് പരുക്കേറ്റതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആസൂത്രിത അതിക്രമം
മെയ്തി, കുക്കി വിഭാഗങ്ങള്‍ക്കിടയിലെ ആക്രമണങ്ങളില്‍ മണിപ്പൂരില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള നിരവധി പള്ളികള്‍ ആക്രമിക്കപ്പെട്ടതായി ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. 36 മണിക്കൂറുകള്‍ക്കുള്ളില്‍ മെയ്തി ക്രിസ്ത്യാനികളുടെ 249 പള്ളികളാണ് തകര്‍ക്കപ്പെട്ടത്. അക്രമത്തിലൂടെ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി നിശ്ശബ്ദമാക്കുകയാണെന്നും ഇത് മറ്റൊരു ഘര്‍വാപ്പസി അല്ലേയെന്നും ബിഷപ്പ് പറഞ്ഞു.
സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാരും സായുധ സേനയും പരാജയപ്പെട്ടു. ഒന്നരമാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ നിയമവാഴ്ച പുനഃസ്ഥാപിക്കാനും അക്രമങ്ങള്‍ക്ക് അറുതിവരുത്താനും തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ബിഷപ്പ് ഡൊമിനിക് ലൂമോണ്‍ കുറ്റപ്പെടുത്തി.