PHOTO: PTI
മണിപ്പൂര്‍ കലാപം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി
മണിപ്പൂര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി ലോക്‌സഭാ സ്പീക്കര്‍. വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രമേയം അവതരിപ്പിക്കാനുള്ള തീയതിയും സമയവും അറിയിക്കാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ഭാഗമല്ലാത്ത ബിആര്‍എസുമാണ് നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചനിലപാട് സ്വീകരിച്ചതോടെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാം ദിവസവും ഇരുസഭകളും തടസ്സപ്പെട്ടു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയും ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവുമാണ് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കൂടിയാലോചനയിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി പ്രതികരിക്കണം
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച വേണമെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കേണ്ടി വരും. ഇതു കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ മുന്നണികള്‍ തീരുമാനിച്ചത്.
'മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായുള്ള വിശദമായ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയമല്ലാതെ മറ്റു മാര്‍ഗമില്ല. പാര്‍ലമെന്റിലെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദി മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രസ്താവന നടത്തണം' കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ലോക്‌സഭയില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാല്‍, ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ തുറന്നടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കും. പ്രമേയത്തിന് അവതരണാനുമതി നല്‍കാനുള്ള അധികാരം ലോക്‌സഭയ്ക്കാണ്. പ്രമേയം അവതരിപ്പിക്കുന്ന ദിവസം രാവിലെ അനുമതി തേടി നോട്ടീസ് സ്പീക്കര്‍ക്ക് സമര്‍പ്പിക്കണം. പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ സഭയ്ക്കുള്ളില്‍ പരിശോധിക്കും. അമ്പതില്‍ കുറയാത്ത അംഗങ്ങള്‍ പിന്തുണ രേഖപ്പെടുത്തിയാല്‍ പ്രമേയത്തിന് ലോക്‌സഭ അനുമതി നല്‍കും. അനുമതി ലഭിച്ച് 10 ദിവസത്തിനുള്ളില്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം മോദി സര്‍ക്കാരിനെതിരെ 2018 ജൂലൈ 20 ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, 325-126 എന്ന വോട്ടുനിലയില്‍ പ്രമേയം പരാജയപ്പെട്ടു. ലോക്‌സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗപിന്തുണയാണ് വേണ്ടത്.
കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കെട്ടിക്കിടക്കുന്നു
മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട നൂറിലധികം ആളുകളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാതെ സംസ്ഥാനത്തെ പല ആശുപത്രി മോര്‍ച്ചറികളിലുമായി കെട്ടികിടക്കുകയാണ്. മൂന്നുമാസത്തിലധികമായി തുടരുന്നതാണ് ഈ അവസ്ഥ. ബന്ധുക്കള്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉണ്ട്. ഇംഫാല്‍ താഴ്വരയിലുള്ള മെയ്തി വിഭാഗത്തില്‍പ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ മാത്രമാണ് സംസ്‌കരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 160 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു.
പലായനം തുടര്‍ന്ന് മെയ്തികള്‍
മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുറഞ്ഞത് 125 പേര്‍ കൊല്ലപ്പെടുകയും 40,000 ത്തിലധികം പേര്‍ വീടുവിട്ട് പലായനം ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് മിസോറാമില്‍ നിന്നുള്ള മെയ്തി വിഭാഗക്കാരുടെ പലായനം തുടരുകയാണ്. ഞാറാഴ്ച മാത്രം 68 പേര്‍ മിസോറാമില്‍ നിന്ന് ഇംഫാലിലെത്തിയതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മിസോറാമില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മെയ് മൂന്നിന് കലാപം ഉണ്ടായതിനു പിന്നാലെ ആയിരക്കണക്കിന് മെയ്തി, കുക്കി, ഹമര്‍ വിഭാഗക്കാര്‍ അസമിലേക്കും പലായനം ചെയ്തതായാണ് വിവരം. കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിനു പിന്നാലെ മിസോറാമിലെ യുവാക്കള്‍ രോഷാകുലരാണെന്നും സംസ്ഥാനം വിടണമെന്നും മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ മിസോറാമില്‍ നിന്നും പലായനം ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുനല്‍കിയത്.