
മണിപ്പൂര്‍ കലാപം: മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ഓഡിയോ ടേപ്പ് പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു
മണിപ്പൂരില്‍ കലാപം നടത്തുന്നതിന് മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രേരണ നല്‍കിയോയെന്ന് അന്വേഷിക്കാന്‍ സുപ്രീംകോടതി. കലാപം സൃഷ്ടിക്കാന്‍ ബിരേന്‍ സിങിന് പങ്കുണ്ടെന്ന ഓഡിയോ ടേപ്പിന്റെ ഫോറന്‍സിക് പരിശോധന നടത്താന്‍ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി പറഞ്ഞു.
ഒരു കുക്കി മനുഷ്യാവകാശ സംഘടന നല്‍കിയ റിട്ട് ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചാണ് ടേപ്പ് പരിശോധിക്കാന്‍ ഉത്തരവിട്ടത്.
ഓഡിയോ ടേപ്പുകളുടെ കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കുക്കി സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ കേസ് മാര്‍ച്ച് 24ന് വീണ്ടും പരിഗണിക്കും.
ഓഡിയോ ടേപ്പിലെ ശബ്ദം ബിരേന്‍ സിങിന്റേതാണെന്ന് ട്രൂത്ത് ലാബ്‌സ് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തുവെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ഒരു രഹസ്യ യോഗത്തില്‍ വച്ചാണ് ബിരേന്‍ സിങ് കലാപത്തിന് പ്രേരണ നല്‍കിയതും ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ യോഗത്തില്‍ പങ്കെടുത്ത വിസില്‍ബ്ലോവറാണ് ടേപ്പ് റെക്കോര്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഈ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം നടക്കുകയാണെന്നും മേത്ത പറഞ്ഞു. ടേപ്പുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയെന്നും മേത്ത പറഞ്ഞു.
ഹര്‍ജിക്കാര്‍ക്ക് വിഘടന വാദ മനോഭാവമാണുള്ളതെന്ന് മേത്ത ആരോപിച്ചു. എന്നാല്‍ ട്രൂത്ത് ലാബിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ വിശ്വാസ്യയോഗ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.