PHOTO: PTI
മണിപ്പൂര്‍ കലാപം; നടപടി എടുത്തില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി
മണിപ്പൂര്‍ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. അങ്ങേയറ്റം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാരിന് അല്‍പം സമയം തരുന്നു, ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ നേരിട്ട് ഇടപെടും എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ജൂലൈ 28 ന് കേസ് പരിഗണിക്കുന്നതിന് മുമ്പായി റിപ്പോര്‍ട്ടു നല്‍കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടായി സുപ്രീം കോടതി നിര്‍ദേശിച്ചു. കൂടാതെ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടു.
കെട്ടടങ്ങാതെ കലാപം: സ്ത്രീകളെ നഗ്‌നരാക്കി നടത്തി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡില്‍ കൂടി നഗ്‌നരാക്കി നടത്തുന്ന വീഡിയോ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കുക്കി വിഭാഗത്തില്‍ പെടുന്ന രണ്ട് സ്ത്രീകളെയാണ് നഗ്‌നരായി നടത്തിയത് എന്നാണ് കുക്കി സംഘടനയായ ഐടിഎല്‍എഫ് ആരോപിക്കുന്നത്. സ്ത്രീകളെ ആള്‍ക്കൂട്ടം ഒരു പാടത്തേക്ക് നടത്തി കൊണ്ടുപോകുന്നതായി വീഡിയോയില്‍ കാണാം. ഇതിനിടയില്‍ അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നടുക്കുന്ന ദൃശ്യം പുറത്ത് വിട്ടത് ഐടിഎല്‍എഫ് ആണ്. മെയ് നാലിന് ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 4 പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
അതേ സമയം പ്രധാനമന്ത്രിയുടെ നിശബ്ദതയാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരില്‍ നിന്ന് വരുന്നത്, കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നില്‍ക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ, എന്ന് പ്രിയങ്ക ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.
ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി
മണിപ്പൂര്‍ വിഷയത്തില്‍ ഇന്നലെയാണ് ആദ്യമായി പ്രധാനമന്ത്രി പ്രതികരിച്ചത്. ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നു, മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ സമൂഹത്തിന് ലജ്ജാകരമാണ്, മണിപ്പൂരിലെ പെണ്‍കുട്ടികളോട് ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ്്, ഞാന്‍ രാജ്യത്തിന് ഉറപ്പു നല്‍കുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്നാണ് മോദി പ്രതികരിച്ചത്.
വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികള്‍ സ്തംഭിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിലും പ്രസ്താവന നടത്തണം അല്ലെങ്കില്‍ സഭാ നടപടികള്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. എന്നാല്‍ ആഭ്യന്തര മന്ത്രി മറുപടി പറഞ്ഞാല്‍ മതി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
കെട്ടടങ്ങാതെ കലാപം
മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ലാതെ മണിപ്പൂര്‍. വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് രാജ്യത്ത് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് പാര്‍ലമന്റ് യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചക്കെതിരെ പ്രതിഷേധം അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ആറ് ഗ്രൂപ്പുകള്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്.
അശാന്തിക്കു പിന്നില്‍
മെയ്തി, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ രൂക്ഷമായത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തത്. മെയ്തികള്‍ പ്രധാനമായും ഹിന്ദുക്കളും കുക്കികള്‍ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭയിലെ 60 സീറ്റുകളില്‍ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാല്‍ കുക്കിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്.