PHOTO: PTI
മണിപ്പൂര്‍: വിചാരണ അസമിലേക്കു മാറ്റി; എതിര്‍പ്പുമായി കുക്കികള്‍
മണിപ്പൂര്‍ വംശീയ കലാപത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്കു മാറ്റി. വിചാരണ കോടതി ജഡ്ജിയെ തിരഞ്ഞെടുക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതികളും ഇരകളായവരും മണിപ്പൂരില്‍ തുടരണമെന്നും കോടതി നിര്‍ദേശം നല്‍കി.
സിബിഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ അസമിലെ ഗുവാഹത്തിയിലേക്കു മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. ആവശ്യമെങ്കില്‍ ഒന്നിലധികം വിചാരണ കോടതി ജഡ്ജിമാരെ ഹൈക്കോടതിക്കു ചുമതലപ്പെടുത്താമെന്നും വാറന്റ് അയയ്ക്കല്‍, കസ്റ്റഡി കാലാവധി നീട്ടല്‍, മൊഴികള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട നടപടികളാണ് വിചാരണ കോടതി ജഡ്ജി ഇപ്പോള്‍ ചെയ്യേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഗുവാഹത്തി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എതിര്‍പ്പുമായി കുക്കി വിഭാഗം
സംഘര്‍ഷ ബാധിതര്‍ക്ക് ഓണ്‍ലൈനായി മൊഴികള്‍ നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഓണ്‍ലൈനിലാണ് നടക്കുക. തിരിച്ചറിയല്‍ പരേഡ് നടക്കുമ്പോള്‍ മണിപ്പൂരിലെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും കോടതി നിര്‍ദേശം നല്‍കി. വിചാരണ സുഗമമാക്കുന്നതിനായി ഇന്റര്‍നെറ്റ് സൗകര്യവും മറ്റും ഉറപ്പാക്കാനും മണിപ്പൂര്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ഗോത്ര വിഭാഗത്തിന്റെ ഭാഷ അറിയാവുന്ന മജിസ്‌ട്രേറ്റുമാരെ വിചാരണ കോടതി ജഡ്ജിമാരായി തിരഞ്ഞെടുക്കണം. വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റുന്നതിനെ കുക്കി വിഭാഗം എതിര്‍ത്തു. മിസോറാമിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. മിസോറാമിലേക്ക് പോകണമെങ്കില്‍ അസം കടക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാല്‍ അത് പ്രായോഗികമായി ബുദ്ധിമുട്ടിന് ഇടയാക്കുമെന്നും കോടതി പറഞ്ഞു.
അനധികൃത കുടിയേറ്റം ഒഴിപ്പിക്കും
മ്യാന്‍മറില്‍ നിന്നും മണിപ്പൂരിലേക്ക് കുടിയേറിയ 2,500 ഓളം കുടിയേറ്റക്കാരെ സംസ്ഥാന സര്‍ക്കാര്‍ നാടുകടത്താനൊരുങ്ങുന്നു. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയത്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് ജില്ലകളിലും അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് മണിപ്പൂര്‍ പോലീസ് പറയുന്നത്.