PHOTO: PTI
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐക്ക് വിട്ടു; ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ അറസ്റ്റില്‍
മണിപ്പൂര്‍ കലാപത്തിനിടെ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും ഫോണിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കലാപം രൂക്ഷമായതിനു പിന്നാലെ മെയ് നാലിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തായത്.
ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കുക്കി-മെയ്തി വിഭാഗങ്ങളുടെ പ്രതിനിധികളെ ഒന്നിച്ചിരുത്തി സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഓരോ കക്ഷികളുമായും നിലവില്‍ ആറ് റൗണ്ട് ചര്‍ച്ചകള്‍ ഇതിനോടകം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ടത്ര നടപടികള്‍ ഉണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് കേന്ദ്രഇടപെടല്‍ ഉണ്ടാകുന്നത്.
മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം ചര്‍ച്ചയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വടക്കു-കിഴക്കന്‍ സംസ്ഥാനക്കാരായ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കുക്കി വിഭാഗവുമായി ബുധനാഴ്ച ചര്‍ച്ച നടത്തി. ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ മെയ്തി വിഭാഗവുമായും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. കലാപം രൂക്ഷമാകുന്നതിനു മുമ്പ് കുക്കി-മെയ്തി വിഭാഗങ്ങളുമായി നേരത്തെയും കേന്ദ്രം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ അക്രമം അവസാനിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികളും മണിപ്പൂരിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും പ്രതിഷേധം ചെയ്തിരുന്നു.
'ഇന്ത്യ' പ്രതിനിധികള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂരിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കും. നിലവിലെ സാഹചര്യം മനസ്സിലാക്കാന്‍ 'ഇന്ത്യ' പ്രതിനിധികള്‍ ജൂലൈ 29, 30 തീയതികളിലാണ് സന്ദര്‍ശനം നടത്തുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശനം. പ്രതിപക്ഷത്തെ 26 പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ഇന്ത്യ.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ചംഗ പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രണ്ടു ദിവസം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി
മണിപ്പൂര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി ലോക്‌സഭാ സ്പീക്കര്‍. വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം പ്രമേയം അവതരിപ്പിക്കാനുള്ള തീയതിയും സമയവും അറിയിക്കാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ഭാഗമല്ലാത്ത ബിആര്‍എസുമാണ് നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയും ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവുമാണ് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കൂടിയാലോചനയിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി പ്രതികരിക്കണം
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച വേണമെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കേണ്ടി വരും. ഇതു കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ മുന്നണികള്‍ തീരുമാനിച്ചത്.
'മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായുള്ള വിശദമായ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയമല്ലാതെ മറ്റു മാര്‍ഗമില്ല. പാര്‍ലമെന്റിലെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദി മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രസ്താവന നടത്തണം' കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ലോക്‌സഭയില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാല്‍, ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ തുറന്നടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കും. പ്രമേയത്തിന് അവതരണാനുമതി നല്‍കാനുള്ള അധികാരം ലോക്‌സഭയ്ക്കാണ്. പ്രമേയം അവതരിപ്പിക്കുന്ന ദിവസം രാവിലെ അനുമതി തേടി നോട്ടീസ് സ്പീക്കര്‍ക്ക് സമര്‍പ്പിക്കണം. പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ സഭയ്ക്കുള്ളില്‍ പരിശോധിക്കും. അമ്പതില്‍ കുറയാത്ത അംഗങ്ങള്‍ പിന്തുണ രേഖപ്പെടുത്തിയാല്‍ പ്രമേയത്തിന് ലോക്‌സഭ അനുമതി നല്‍കും. അനുമതി ലഭിച്ച് 10 ദിവസത്തിനുള്ളില്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം മോദി സര്‍ക്കാരിനെതിരെ 2018 ജൂലൈ 20 ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, 325-126 എന്ന വോട്ടുനിലയില്‍ പ്രമേയം പരാജയപ്പെട്ടു. ലോക്‌സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗപിന്തുണയാണ് വേണ്ടത്.
കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കെട്ടിക്കിടക്കുന്നു
മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട നൂറിലധികം ആളുകളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാതെ സംസ്ഥാനത്തെ പല ആശുപത്രി മോര്‍ച്ചറികളിലുമായി കെട്ടികിടക്കുകയാണ്. മൂന്നുമാസത്തിലധികമായി തുടരുന്നതാണ് ഈ അവസ്ഥ. ബന്ധുക്കള്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉണ്ട്. ഇംഫാല്‍ താഴ്വരയിലുള്ള മെയ്തി വിഭാഗത്തില്‍പ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ മാത്രമാണ് സംസ്‌കരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 160 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു.