TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

മണിപ്പൂര്‍: സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരായ സ്ത്രീകള്‍

31 Jul 2023   |   1 min Read
TMJ News Desk

ണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും പരാതിക്കാരായ സ്ത്രീകള്‍ അറിയിച്ചു. വിചാരണ അസമിലേക്ക് മാറ്റുന്നതില്‍ യോജിപ്പില്ലെന്നും പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. 

മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇരകളായ സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 

പ്രത്യേക അന്വേഷണ സംഘം വേണം: പിയുസിഎല്‍

കലാപ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സുപ്രീം കോടതിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഏല്‍പ്പിക്കണമെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് (പിയുസിഎല്‍) ആവശ്യപ്പെട്ടു. കൊലപാതകം, ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടു. വംശീയ ഉന്മൂലനം നടത്തുന്നതിനായി ലൈംഗീകാതിക്രമം നടത്തുന്നതിനെ അപലപിക്കുന്നതിനോടൊപ്പം മണിപ്പൂരിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത ഉടന്‍  അവസാനിപ്പിക്കണമെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടു. 

മണിപ്പൂര്‍ അവഗണന നേരിടുകയാണെന്ന് INDIA

മണിപ്പൂരിലെ സാഹചര്യം ദുഃഖകരമാണ്. കലാപം തുടങ്ങിയ സാഹചര്യത്തില്‍ അത് ശാന്തമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല. മണിപ്പൂര്‍ അവഗണന നേരിടുകയാണ് എന്നായിരുന്നു മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ മുന്നണിയായ INDIA യുടെ പ്രതികരണം. INDIA യുടെ പ്രതിനിധി സംഘം രണ്ടുദിവസമാണ് മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശകലനം ചെയ്തത്. സംസ്ഥാനത്ത് എത്രയും വേഗം ക്രമസമാധാനം പുഃനസ്ഥാപിക്കണം, ഐക്യവും നീതിയും നിലനിര്‍ത്താന്‍ ഇത് ആവശ്യമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധീര്‍ രഞ്ജന്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി പരിതാപകരമാണെന്നും സംഘം വിലയിരുത്തി. 400 മുതല്‍ 500 പേര്‍ വരെ ഒരു ഹാളില്‍ താമസിക്കുകയാണ്, അരിയും പരിപ്പും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് നല്‍കുന്നത്. കുട്ടികള്‍ക്കുള്ള ആഹാരം ലഭിക്കുന്നില്ല, ശുചിമുറി സൗകര്യമില്ല തുടങ്ങിയ കാര്യങ്ങളും പ്രതിപക്ഷസംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


#Daily
Leave a comment