മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയക്ക് ജാമ്യം
മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
വിചാരണ തുടങ്ങാത്തതിന്റെ പേരില്‍ ദീര്‍ഘകാലം ഒരാളെ ജയിലിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഡല്‍ഹി സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം 2021 നവംബര്‍ 17 നാണ് പ്രാബല്യത്തില്‍ വരുന്നത്. വ്യവസ്ഥകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കമ്പനികള്‍ക്ക് കൈമാറിയെന്നും ഇത് ടെന്‍ഡര്‍ നേടാന്‍ സഹായിച്ചെന്നുമാണ് ആരോപണം. കമ്പനികള്‍ക്ക് ലൈസന്‍സ് ഫീസില്‍ 144.36 കോടി രൂപ ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമുണ്ട്. തുടര്‍ന്ന് ലഫ്. ഗവര്‍ണറായി വി.കെ. സക്സേന ചുമതലയേറ്റതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അതേവര്‍ഷം മാര്‍ച്ച് 9 ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി.