
2024-ല്‍ ഇന്ത്യ ഗൂഗിളില്‍ തിരഞ്ഞ സിനിമകളില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും
2024-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ വാക്കുകളില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ഇടംപിടിച്ചു. 2024-ല്‍ ഇന്ത്യാക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്തെല്ലാമാണെന്ന് പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഐപിഎല്ലും ഒളിമ്പിക്‌സും മുതല്‍ മാങ്ങാ അച്ചാര്‍ വരെ ഇന്ത്യാക്കാര്‍ തിരഞ്ഞ കീവേഡുകള്‍ നീളുന്നു.
രത്തന്‍ ടാറ്റയേയും വിനേഷ് ഫൊഗട്ടിന്റേയും കൂടാതെ വിനോദസഞ്ചാരത്തിനായി ബാലിയും അസര്‍ബൈജാനും 2024-ല്‍ ഇന്ത്യ ഗൂഗിളില്‍ തിരഞ്ഞു.
എന്നാല്‍, ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണ്. പിന്നാലെ ടി20 ലോകകപ്പും ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) ഉണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024, ഒളിമ്പിക്‌സ്, അസഹനീയമായ ചൂട് എന്നിവയും തിരഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രിനെ (ഐഎന്‍സി) കുറിച്ചും ജനങ്ങള്‍ തിരഞ്ഞു.
ഇന്ത്യയിലെ സിനിമാ പ്രേമികള്‍ സ്ട്രീ 2, കല്‍ക്കി 2898 എഡി, 12ത്ത് ഫെയില്‍ എന്നിവയാണ് 2024-ല്‍ തിരഞ്ഞത്. കൂടാതെ അവര്‍ ലാപാതാ ലേഡീസ്, ഹനു-മാന്‍, മഹാരാജ, മഞ്ഞുമ്മല്‍ ബോയ്‌സ്, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, സലാര്‍, ആവേശം എന്നിവയും തിരഞ്ഞു.
ട്രെന്‍ഡായ ടിവി ഷോകളില്‍ ഹീരാമന്ദി, മിര്‍സാപൂര്‍, ലാസ്റ്റ് ഓഫ് അസ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളില്‍ ബിഗ് ബോസ് 17 ഉം പഞ്ചായത്തും ഇടംപിടിച്ചു.
മീമുകളുടെ കാലത്ത് അവയെക്കുറിച്ചുള്ള തിരയലുകളും കുറവല്ല. ഓറഞ്ച് പീല്‍ തിയറി മീം, ജെന്‍ ഇസഡ് ബോസ് മീം, ബ്ലൂ ഗ്രിഞ്ച് നീ സര്‍ജറി മീം എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരയപ്പെട്ട മീമുകള്‍.
ഇന്ത്യ തിരഞ്ഞ വ്യക്തികളില്‍ വിനേഷ് ഫൊഗട്ട്, നിതീഷ് കുമാര്‍, ചിരാഗ് പസ്വാന്‍, ഹാര്‍ദിക് പാണ്ഡ്യ, പവന്‍ കല്യാണ്‍, ശശാങ്ക് സിങ്, പൂനം പാണ്ഡേ, രാധിക മര്‍ച്ചന്റ്, അഭിഷേഖ് ശര്‍മ്മ, ലക്ഷ്യ സെന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.