
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിനും കൂട്ടുപ്രതികള്‍ക്കും തിരിച്ചടി
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങിയശേഷം ലാഭവിഹിതവും പണവും നല്‍കാതെ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിറും ബാബു ഷാഹിറും ഷോണ്‍ ആന്റണിയും പറ്റിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഏഴ് കോടി രൂപ അരൂര്‍ സ്വദേശി സിറാജിന്റെ പക്കല്‍ നിന്നും ഇവര്‍ വാങ്ങിയിരുന്നു.
സിനിമയുടെ നിര്‍മ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് സിറാജിന്റെ പക്കല്‍ നിന്നും പണം വാങ്ങിയത്. സിനിമയുടെ നിര്‍മ്മാണ ചെലവ് 22 കോടി രൂപയാണെന്നാണ് സിറാജിനെ ധരിപ്പിച്ചത്.
സിനിമ കേരളത്തിനകത്തും പുറത്തും ഹിറ്റായിരുന്നു. വന്‍വിജയമായിട്ടും തനിക്ക് മുടക്ക് മുതല്‍ തിരിച്ചു നല്‍കുകയോ ലാഭ വിഹിതം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സിറാജ് പരാതിയില്‍ പറഞ്ഞിരുന്നു.
150 കോടിയിലധികം രൂപ ഈ സിനിമയ്ക്ക് വരുമാനം ലഭിച്ചിരുന്നു. ആഗോള തലത്തില്‍ 225 കോടി രൂപയും ലഭിച്ചു.
പരാതിയെ തുടര്‍ന്ന് സൗബിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.


