TMJ
searchnav-menu
post-thumbnail

TMJ Daily

ക്ഷേത്രാചാരം മാറ്റിയില്ലായിരുന്നുവെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നു: എം വി ഗോവിന്ദന്‍

03 Jan 2025   |   1 min Read
TMJ News Desk

ക്ഷേത്രാചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്ഷേത്രാചാരങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതിനെ വിമര്‍ശിച്ചാണ് ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്.

'ക്ഷേത്ര ആചാരം മാറ്റാന്‍ പാടില്ലെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. എന്നാല്‍ ആചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നു. ബൃഹത്തായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി അധഃസ്ഥിതരായ ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊണ്ട്, ഉള്‍ക്കൊണ്ട് അനാചാരങ്ങള്‍ക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭന്‍. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും മാറിയതുകൊണ്ടാണ് നാട്ടില്‍ ഇത്തരം മാറ്റങ്ങള്‍ വന്നത്,' അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് സ്ഥാപിച്ചതിന്റെ 100-ാം വാര്‍ഷികത്തില്‍ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ബിജെപിയുടെ അജണ്ടയെന്നും ഇതിനായി രാമ ക്ഷേത്രത്തെ വരെ വര്‍ഗീയമായി അവര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്നിട്ടും രാമക്ഷേത്ര ഭൂമി ഉള്‍പ്പെടുന്ന ഫാസിയാബാദില്‍ സമാജ് വാദി പാര്‍ട്ടി ജയിച്ചുവെന്നും ഇത് ബിജെപിയുടെ വര്‍ഗീയ അടവ് നയത്തിന് ഏറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഭരണം നേടാന്‍ ശ്രമിച്ചില്ലെന്നും ഇപ്പോഴും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'ചാതുര്‍വര്‍ണ്യ സ്വഭാവത്തില്‍ അടിസ്ഥിതമായ ഒരു ഭരണഘടന വേണമെന്ന് പറയുന്ന അമിത് ഷായ്ക്ക് അംബേദ്കര്‍ എന്ന പേര് കേള്‍ക്കുന്നത് പോലും സഹിക്കുന്നില്ല. മനു സ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണം എന്നു പറയുന്നവര്‍ സനാതന ധര്‍മ്മം വാക്കിന്റെ അര്‍ത്ഥം പോലും മനസിലാക്കാതെയാണ് ഈ വാക്ക് പ്രയോഗിക്കുന്നത്,' ഗോവിന്ദന്‍ പറഞ്ഞു.

#Daily
Leave a comment