ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സുപ്രീംകോടതിയില്‍ തിരിച്ചടി. നരഹത്യാകേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്റെ വാദം സുപ്രീംകോടതി തള്ളി. സാഹചര്യ തെളിവുകള്‍ അനുസരിച്ച് നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
വേഗതയില്‍ വാഹനമോടിച്ചത് നരഹത്യ ആകില്ലെന്ന ശ്രീറാമിന്റെ വാദം കോടതി തള്ളുകയായിരുന്നു. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും അതിനാല്‍ നരഹത്യാകുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂര്‍ണമായും കോടതി തള്ളുകയായിരുന്നു.
തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചു
നേരത്തെ വിചാരണകോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. 304-ാം വകുപ്പുപ്രകാരം ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിച്ച് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്നായിരുന്നു കേരള ഹൈക്കോടതി വിധിച്ചത്.
ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി ഹൈക്കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കൂടാതെ അപകടസമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെതിരെ മദ്യപിച്ച് വാഹനം ഓടിക്കാന്‍ ശ്രീരാമിനെ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത്. മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പുപ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മില്ലിലിറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാം ആല്‍ക്കഹോളിന്റെ അംശം വേണമെന്നാണ് നിയമം. എന്നാല്‍ കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രതിയുടെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു സെഷന്‍സ് കോടതി നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ടത്.
അപകടത്തിനു തൊട്ടുപിന്നാലെ രക്തസാമ്പിള്‍ എടുക്കുന്നതും വൈകിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഡോക്ടര്‍ കൂടിയായ ശ്രീറാം തെളിവു നശിപ്പിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. സെഷന്‍സ് കോടതി വിധി രണ്ടുമാസത്തേക്കു സ്‌റ്റേ ചെയ്ത ഹൈക്കോടതി, പിന്നീട് നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിലവില്‍ ചുമത്തിയത്.