
ഞാന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മനു ഭാക്കര്‍
താന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും രാജ്യത്തിനായി മെഡല്‍ നേടാന്‍ പാടില്ലായിരുന്നുവെന്നും ഒരു കായികതാരം ആകാന്‍ പാടില്ലായിരുന്നുവെന്നും ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍.
കായിക താരങ്ങള്‍ക്കുള്ള പരമോന്നത പുരസ്‌കാരമായ ഖേല്‍രത്‌നയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള മനോവിഷമം പിതാവ് രാം കിഷന്‍ ഭാക്കറുമായി പങ്കുവച്ചപ്പോഴാണ് മനു ഇപ്രകാരം പറഞ്ഞത്.
2024 പാരീസ് ഒളിമ്പിക്‌സിലെ ഇരട്ട മെഡല്‍ ജേതാവാണ് മനു ഭാക്കര്‍. സ്വതന്ത്ര ഇന്ത്യയില്‍ ഒരു ഒളിമ്പിക്‌സ് ഗെയിംസില്‍ രണ്ട് മെഡല്‍ നേടിയ ആദ്യ അത്‌ലറ്റാണ് മനു. ഷൂട്ടിങ് വ്യക്തിഗത ഇനത്തിലും മിക്‌സഡ് 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും വെങ്കലം നേടിയിരുന്നു. 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്.
പക്ഷേ, കേന്ദ്ര കായിക മന്ത്രാലയം തയ്യാറാക്കിയ ഖേല്‍രത്‌ന പട്ടികയില്‍ നിന്നും മനു ഒഴിവാക്കപ്പെട്ടു. 2021-ലെ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഏഴ് അത്‌ലറ്റുകള്‍ക്കും ഖേല്‍ രത്‌ന നല്‍കിയിരുന്നു. എന്നാല്‍, ഇതേ നിയമം മനുവിന് ബാധകമായില്ല. ഹര്‍മന്‍പ്രീത് സിങും പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാറും 12 അംഗ ഖേല്‍രത്‌ന സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു.
പോര്‍ട്ടലില്‍ അപേക്ഷിച്ചിരുന്നുവെന്ന് മനു പറഞ്ഞുവെന്നും അങ്ങനെയാണെങ്കില്‍ പുരസ്‌കാര നിര്‍ണയ കമ്മിറ്റി അവരുടെ പേര് പരിഗണിക്കണമെന്നും സാഹചര്യമേതായാലും അവരുടെ പേര് ഉള്‍പ്പെടുത്താന്‍ ഫെഡറേഷന്‍ മന്ത്രാലയത്തെ സമീപിച്ചുവെന്നും ഫെഡറേഷന്‍ വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.