
മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് അനവധി മരണം
ഉത്തര്‍പ്രദേശില്‍ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അനവധി മരണം. 15 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൗനി അമാവാസിയില്‍ പുണ്യസ്‌നാനം നടത്താന്‍ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ ഇരച്ചു കയറിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.
40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരുടേയും മരിച്ചവരുടേയും കൃത്യമായ എണ്ണം ഇപ്പോള്‍ ലഭ്യമല്ലെന്ന് മേളയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആകാന്‍ഷ റാണ പറഞ്ഞു.
മഹാകുംഭ മേളയിലെ പ്രധാനപ്പെട്ട ചടങ്ങാണ് മൗനി അമാവാസിയിലെ അമൃത സ്‌നാനം. സംഭവത്തെ തുടര്‍ന്ന് അമൃത സ്‌നാനം പിന്‍വലിച്ചുവെന്ന് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിട്ട് ഷായും സ്ഥിതിഗതികള്‍ വിലയിരുത്തി.