TMJ
searchnav-menu
post-thumbnail

TMJ Daily

മാവോയിസ്റ്റ് നേതാവ് വേണുഗോപാൽ റാവു കീഴടങ്ങി

15 Oct 2025   |   2 min Read
TMJ News Desk

നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ്) പാർട്ടിയുടെ മുതിർന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ മല്ലോജുല വേണുഗോപാൽ റാവു 60 മാവോയിസ്റ്റ് കേഡർമാരോടൊപ്പം കീഴടങ്ങി. ഭൂപതി, സോനു തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്ന 70 കാരനായ വേണുഗോപാൽ റാവു ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുൻപാകെ ഔപചാരികമായി കീഴടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തെലങ്കാന സ്വദേശിയായ റാവു പാർട്ടിയിൽ നിന്ന് രാജിവച്ചതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സായുധ കലാപം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരുന്നതിനെച്ചൊല്ലി മാവോയിസ്റ്റുകൾക്കുള്ളിൽ ഭിന്നത നിലനിൽക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടയാണ് ഈ കീഴടങ്ങൽ.

പോളിറ്റ് ബ്യൂറോയിലും കേന്ദ്ര മിലിട്ടറി കമ്മീഷൻ അംഗവുമായിരുന്ന സോനു, പാർട്ടിയുടെ പ്രത്യയശാസ്ത്ര തലവനും, ആശയവിനിമയ വിദഗ്ധനും വനങ്ങൾക്ക് പുറത്തുള്ള ലോകവുമായി പാർട്ടിയെ ബന്ധിപ്പിക്കുന്ന കണ്ണിയും ആയിരുന്നുവെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായിദി ഇന്ത്യൻ എക്സ്പ്രസിനോട് റിപ്പോർട്ട് ചെയ്യുന്നു.

തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ നിന്നുള്ള ബി.കോം ബിരുദധാരിയായ സോനു, 2011 ൽ ബംഗാളിൽ വച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മല്ലോജുല കോട്ടേശ്വർ റാവു എന്ന കിഷൻജിയുടെ സഹോദരനാണ്. “റാവുവും മറ്റുള്ളവരും റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയനിൽ നിന്നും പീപ്പിൾസ് വാർ ഗ്രൂപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരായിരുന്നു,” ഇന്റലിജൻസ് വൃത്തങ്ങൾ  പറഞ്ഞു. പുറം ലോകവുമായി ബന്ധമുണ്ടായിരുന്ന റാവു മാവോയിസ്റ്റ് അനുഭാവികളുമായും, മുന്നണി സംഘടനകളുമായും ക്രോഡീകരണത്തിൽ നിർണ്ണായക പങ്കു വഹിച്ചരുന്നു. "അദ്ദേഹത്തിന്റെ പുറത്തുപോകലോടെ, മാവോയിസ്റ്റ് പാർട്ടിക്ക് തിരിച്ചടി നേരിട്ടുവെന്ന് വ്യക്തമാണ്," ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാവോയിസ്റ്റ് പാർട്ടിയിലെ ആശയപരമായ പിളർപ്പ് തുടർച്ചയായ കത്തുകളുടെ രൂപത്തിൽ പുറത്തുവന്നതിന് ശേഷമാണ് റാവുവിന്റെ കീഴടങ്ങൽ. "പാർട്ടിയെ രക്ഷിക്കാൻ" "സായുധ പോരാട്ടം അവസാനിപ്പിക്കേണ്ട" സമയമായി എന്ന് പ്രസ്താവിച്ച കത്തുകൾ അദ്ദേഹം നൽകിയിരുന്നു.

2010-ൽ അദ്ദേഹത്തെ സിപിഐ (മാവോയിസ്റ്റ്) വക്താവായി നിയമിച്ചു. അഭയ്, ഭൂപതി, വിവേക്, രാജൻ തുടങ്ങി നിരവധി അപരനാമങ്ങളുണ്ട്. അച്ഛനും മുത്തച്ഛനും സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. പെദ്ദപ്പള്ളിയിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ പഠിച്ച സോനു 1980-കളിൽ പീപ്പിൾസ് വാർ ഗ്രൂപ്പിൽ ചേർന്നു.

പശ്ചിമ ബംഗാളിലെ ലാൽഗഡിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ കിഷൻജി വെടിയേറ്റ് മരിച്ചതിനെത്തുടർന്ന്, പാർട്ടി റാവുവിനോട് ലാൽഗഡ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അമ്മ മധുരമ്മ 2022 ഒക്ടോബറിൽ പെദ്ദപ്പള്ളിയിലെ വീട്ടിൽ വച്ച് മരിച്ചു. കഴിഞ്ഞ ഡിസംബറിൽ, അദ്ദേഹത്തിന്റെ ഭാര്യ വിമല സിദാം എന്ന താര മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മുന്നിൽ കീഴടങ്ങി. 30 വർഷം മുമ്പ് അവരും മാവോയിസ്റ്റു പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തിയാണ്. ദണ്ഡാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗമായിരുന്നു.

ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും മാവോയിസ്റ്റുകൾക്ക് കനത്ത നഷ്ടം സംഭവിച്ച ശേഷം തെലുങ്കിൽ എഴുതിയ അദ്ദേഹത്തിന്റെ മൂന്ന് കത്തുകൾ വന്നിരുന്നു. ആദ്യ കത്ത് എഴുതിയ ശേഷം, ഭദ്രാദ്രി-കോതഗുഡെം, മുളുഗു പ്രദേശങ്ങളിലെ കേഡർമാരെ കീഴടങ്ങാൻ റാവു പ്രേരിപ്പിച്ചതായി അദ്ദേഹത്തിന്റെ സഖാക്കൾ ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ ആദ്യ കത്ത് പാർട്ടി അണികൾ വ്യാപകമായി ചർച്ച ചെയ്യുകയും വിമർശിക്കുകയും ചെയ്തുവെന്നാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെയും തെലങ്കാന സംസ്ഥാന കമ്മിറ്റിയിലെയും ഒരു വിഭാഗം ആരോപിക്കുന്നു. അവർ  അദ്ദേഹത്തിന്റെ സമീപനത്തെ അപലപിക്കുകയും "രാജ്യദ്രോഹി" എന്ന് മുദ്ര കുത്തുകയും ചെയ്തു.

#Daily
Leave a comment