PHOTO: PTI
മറാഠാ സംവരണം; പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍, സമരം പിന്‍വലിച്ചു
സംവരണ ആവശ്യം ഉന്നയിച്ച് ഏറെ നാളായി തുടരുന്ന മറാഠാ സമരം അവസാനിച്ചു. സംവരണ ഓഡിനന്‍സിന്റെ കരട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടതോടെ സമരം പിന്‍വലിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ അറിയിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് ഉദ്യോഗസ്ഥര്‍ സമരക്കാര്‍ക്ക് കൈമാറി. മറാഠാക്കാരെ ഒബിസി ഉപവിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണ പരിധിയില്‍ കൊണ്ടുവരുമെന്നാണ് സൂചന.
സംവരണം ദീര്‍ഘകാല ആവശ്യം
സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ദീര്‍ഘകാല ആവശ്യമാണ്. എല്ലാ മറാഠക്കാരും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് തെളിയിക്കുന്ന കുന്‍ബി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും സംവരണം എന്നീ ആവശ്യങ്ങളായിരുന്നു സമരക്കാര്‍ മുന്നോട്ടുവച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് സമരം നടത്താനായിരുന്നു നേതാക്കളുടെ തീരുമാനം. സംവരണം നല്‍കുന്നതിന് സര്‍ക്കാരുകള്‍ മുമ്പും നടപടി സ്വീകരിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.
മറാഠാ സംവരണം
2016 ല്‍ മറാഠാ സംവരണ പ്രശ്‌നം ചൂടുപിടിക്കുകയായിരുന്നു. കൊപാര്‍ഡി ഗ്രാമത്തില്‍ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഔറംഗാബാദിലെ സംഭാജി നഗറില്‍ മറാഠകള്‍ വന്‍ റാലി സംഘടിപ്പിച്ചിരുന്നു. റാലിയ്ക്ക് ശേഷം നേതാക്കന്‍മാര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. കൊപാര്‍ഡി കൊലപാതകത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വേതനം ഉറപ്പുവരുത്തുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക, മറാഠാ സംവരണം ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങള്‍. മറാഠാ സംവരണം എന്ന ആവശ്യം അതോടെ ശക്തമാവുകയായിരുന്നു.
എന്നാല്‍ പലയിടത്തും സമരങ്ങളുണ്ടായതോടെ 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇത് റദ്ദാക്കി. മറാഠാ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും 2021 ല്‍ സുപ്രീം കോടതി വിധിച്ചു. 2023 ലെ പുനപരിശോധനാ ഹര്‍ജിയും കോടതി തള്ളുകയായിരുന്നു. 1981 ല്‍ മത്തടി ലേബര്‍ യൂണിയന്‍ നേതാവ് അണ്ണാസാഹേബ് പാട്ടീല്‍ മുംബൈയില്‍ നടത്തിയ പ്രകടനത്തിലാണ് മറാഠകള്‍ക്ക് സംവരണം എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവരുന്നത്.