TMJ
searchnav-menu
post-thumbnail

TMJ Daily

റുവാണ്ടയെ ആശങ്കയിലാഴ്ത്തി മാര്‍ബര്‍ഗ് വൈറസ് 

06 Oct 2024   |   2 min Read
TMJ News Desk

സെപ്തംബര്‍ അവസാനത്തില്‍ റുവാണ്ടയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത അതിവ്യാപനശേഷിയുള്ള മാര്‍ബര്‍ഗ് വൈറസ് രാജ്യത്തെ വീണ്ടുമൊരു ആരോഗ്യ ആശങ്കിയിലാഴ്ത്തിയിരിക്കുന്നു. 
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കുള്ളില്‍ 11 പേരാണ് മാര്‍ബര്‍ഗ് ബാധയെത്തുടര്‍ന്ന് റുവാണ്ടയില്‍ മരണമടഞ്ഞത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്‌സിനുകളുടെയും ചികിത്സകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

മാര്‍ബര്‍ഗ് എബോളയുടെ അതേ കുടുംബത്തില്‍ നിന്നുള്ളതാണ്, അതായത് വൈറസുകളുടെ. എബോളയേക്കാള്‍ ഗുരുതരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് ഒരു ഹെമറാജിക് പനി ഉണ്ടാക്കുന്നു, ഇത് രക്തക്കുഴലുകളുടെ ഭിത്തികളെ തകരാറിലാക്കുന്ന ഒരു തരം പനിയാണ്, മയോ ക്ലിനിക്കില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഡെങ്കിപ്പനിയും മഞ്ഞപ്പനിയും ഇത്തരത്തിലുള്ള പനി ഉണ്ടാക്കുന്ന മറ്റ് രോഗങ്ങളാണ്.

എന്താണ് മാര്‍ബര്‍ഗ് വൈറസ്?

എബോള വൈറസിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്ന വൈറസാണ് മാര്‍ബര്‍ഗ്. ഫിലോവിരിഡേ (ഫിലോവൈറസ്) വൈറസ് കുടുംബത്തില്‍പ്പെട്ടവയാണ് ഈ രണ്ട് രോഗങ്ങളും. എന്നാല്‍ എബോളയേക്കാള്‍ അപകടകാരിയാണ് മാര്‍ബര്‍ഗ്. ഇവ രക്തക്കുഴലുകളുടെ ഭിത്തിയെ ബാധിക്കുന്ന തരത്തിലുള്ള പനിക്ക്  (ഹെമറാജിക് പനി) കാരണമാകുന്നുവെന്ന് മയോ ക്ലിനിക്കില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പറയുന്നു. ഇത്തരത്തിലുള്ള പനികള്‍ക്ക് കാരണമാകുന്ന മറ്റ് രോഗങ്ങളാണ് ഡെങ്കിപനിയും മഞ്ഞപ്പനി അഥവാ യെല്ലോ ഫീവറും മയോ ക്ലിനിക് പറയുന്നതനുസരിച്ച് ഇവ മൂലമുണ്ടാക്കുന്ന ഹെമറാജിക് പനി മാരകമായ ആന്തരിക രക്തസ്രാവത്തിന് കാരണമായേക്കാം. 

ജര്‍മ്മനിയിലെ മാര്‍ബര്‍ഗിലാണ് 1967ല്‍  ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം സെര്‍ബിയയിലെ ബെല്‍ഗ്രേഡിലും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 24 മുതല്‍ 88 ശതമാനം വരെയാണ് ഈ രോഗത്തിലെ മരണനിരക്ക്. വൈറസ് ബാധിച്ചവരില്‍ പകുതിയിലേറെ പേരും മരിക്കുന്നുണ്ട്. വൈറസ് ബാധിതനാവുന്ന ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 21 ദിവസം വരെ എടുത്തേക്കാം.

ഗുരുതരമാവുന്ന കേസുകളില്‍ ശരീരത്തില പല ഭാഗങ്ങളില്‍ നിന്ന് ശക്തിയായ രക്തസ്രാവമുണ്ടാകാമെന്നും വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ച് അഞ്ച് മുതല്‍ ഏഴ് വരെ ദിവസങ്ങള്‍ക്കുള്ളിലാകും ഇത്തരത്തില്‍ രക്തസ്രാവമുണ്ടാവുക. ഛര്‍ദ്ദിയിലോ മലത്തിലോ ഉള്ള രക്തസ്രാവം പലപ്പോഴും മൂക്ക്, മോണ, യോനി എന്നിവയില്‍ നിന്നുള്ള രക്തസ്രാവത്തോടൊപ്പമാണ്, സംഭവിക്കുകയെന്ന്  ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു. 

അതീവഗുരുതരായ കേസുകളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതിന് ശേഷം എട്ട് മുതല്‍ ഒമ്പത് വരെ ദിവസങ്ങളില്‍ മരണംവരെ സംഭവിക്കാം.''രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍  ഈ വൈറസ് മൂലമുള്ള ഗുരുതരമായ രോഗത്തിനും മരണത്തിനും സാധ്യത കൂടുതലാണ്,'' എന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ അമീറ റോസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് എപ്പിഡെമിളജി പ്രൊഫസറാണ് അമീറ റോസ്.

രോഗലക്ഷണങ്ങള്‍

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്റെ വിലയിരുത്തല്‍ അനുസരിച്ച് പനി, തലവേദന, പേശികളിലും സന്ധികളിലും അനുഭവപ്പെടുന്ന വേദന, ക്ഷീണം, വിശപ്പില്ലായ്മ, നെഞ്ചെരിച്ചില്‍, ദഹനമില്ലായ്മ, എന്നിവയാണ് മാര്‍ബര്‍ഗ് വൈറസിന്റെ ലക്ഷണങ്ങള്‍. വൈറസ് ബാധിതനായ വ്യക്തിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ സ്രവങ്ങളുടെ സമ്പര്‍ക്കത്തിലൂടെയോ ആണ് രോഗ വ്യാപനം സംഭവിക്കുന്നത്. ബെഡ്ഷീറ്റോ വസ്ത്രങ്ങളോ പോലുള്ള ശരീരസ്രവങ്ങളാല്‍ മലിനമായ പ്രതലങ്ങളില്‍ നിന്നും വൈറസ് പടരാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഖനികളിലും ഗുഹകളിലും കാണപ്പെടുന്ന ഒരു തരം പഴ വവ്വാലുമായി (ഫ്രൂട്ട് ബാറ്റ്) സമ്പര്‍ക്കമുണ്ടായ ശേഷം ചിലര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ബാധിച്ചിട്ടുണ്ട്.

റുവാണ്ടയില്‍ നിലവില്‍ 36 കേസുകളാണ് സ്ഥിരീകരിച്ചത്. 25 പേര്‍ ഐസലോഷന്‍ പരിചരണത്തിലുമാണ്. സെപ്തംബര്‍ 27ന് ആണ് റുവാണ്ടയില്‍ ആരോഗ്യ മന്ത്രാലയം ആദ്യ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചത്. മാര്‍ബര്‍ഗ് വൈറസിന് അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ ഇല്ലെന്നുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യം വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റുവാണ്ടയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. രോഗബാധിതരോട് വേദനസംഹാരികള്‍ ഉപയോഗിക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആവശ്യപ്പെട്ടു.

എന്താണ് റുവാണ്ടയിലെ സ്ഥിതി 

1967 നും 2017 നും ഇടയിലുള്ള 50 വര്‍ഷങ്ങളില്‍ ഈ രോഗം 13 തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2021 മുതല്‍ 2024 വരെയുള്ള ചെറിയ കാലയളവിനുള്ളില്‍ അഞ്ച് തവണയാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളും പ്രതിരോധശേഷി കുറയുന്ന അവസ്ഥകളും വര്‍ദ്ധിക്കുന്നതിനാലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇത് ആളുകളെ വൈറസ് ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനശേഷി സാധ്യത 'ദേശീയ തലത്തില്‍ വളരെ ഉയര്‍ന്നതാണ്', എന്നാല്‍ ആഗോള തലത്തില്‍ അത് കുറവാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.


#Daily
Leave a comment