
മാർക്കോ റുബിയോ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി
ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ മാർക്കോ റൂബിയോയെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി (സ്റ്റേറ്റ് സെക്രട്ടറി) സ്ഥാനത്തേക്ക് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോമിനേറ്റ് ചെയ്തു. മുൻ ഡെമോക്രാറ്റിക് അംഗവും പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ ശ്രമിച്ച വ്യക്തിയുമായ തുളസി ഗബ്ബാർഡിനെ അദ്ദേഹം ദേശീയ രഹസ്യാന്വേഷണ ഡയറക്ടറായി തിരഞ്ഞെടുത്തു. ഫ്ലോറിഡയിൽ നിന്നുള്ള പ്രതിനിധി മാറ്റ് ഗെയ്റ്റ്സിനെ അറ്റോർണി ജനറലായും ട്രംപ് നിയമിച്ചു.
നീതിന്യായ വകുപ്പിനെ നാടകീയമായി അഴിച്ചുപണിയാൻ ഉദ്ദേശിക്കുന്ന ട്രംപിൻറെ വിശ്വസ്തനായ ഗെയിറ്റ്സ് പരിചയസമ്പന്നരായ കൂടുതൽ പേരെ മറികടന്നാണ് ഈ പദവിയിൽ എത്തുന്നത്. തങ്ങളുടെ മേഖലകളിൽ അനുഭവപരിചയമുള്ളവരേക്കാൾ തന്റെ അജണ്ട നടപ്പാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരെ മാത്രം
മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന മാതൃക ട്രംപ് സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗെയ്റ്റ്സിന്റെ തിരഞ്ഞെടുപ്പ്, പ്രത്യേകിച്ചും, ഒരു ഞെട്ടലായി കാണപ്പെട്ടു. ഈ സ്ഥാനത്തേക്ക് പരാമർശിക്കപ്പെട്ടവരിൽ ഒരാളായിരുന്നില്ല അദ്ദേഹം. കോൺഗ്രസിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പോലും ഈ വാർത്തയിൽ ഞെട്ടിപ്പോയി, എന്ന് അസ്സോസിയേറ്റ് പ്രസ് റിപ്പോർട്ട് പറയുന്നു.
തുളസി ഗബ്ബാർഡിനെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ചതും അത്ഭുതപ്പെടുത്തി. പ്രസ്തുത നിയമനം ഉപേക്ഷിക്കണമെന്ന് ട്രംപ് വിരുദ്ധ യാഥാസ്ഥിതികനും മുൻ നേവൽ വാർ കോളേജ് പ്രൊഫസറുമായ ടോം നിക്കോൾസ് സെനറ്റിനോട് ആവശ്യപ്പെട്ടു. ദി അറ്റ്ലാന്റിക്കിൽ എഴുതിയ ലേഖനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. "ഗബ്ബാർഡ് മിക്കവാറും ഒരു കാബിനറ്റ് പദവിക്കും യോഗ്യതയില്ലാത്തയാളാണ്. പ്രത്യേകിച്ചും ദേശീയ രഹസ്യാന്വേഷണ ജോലിക്ക്", നിക്കോൾസ് എഴുതി.
വർഷങ്ങളായി ഡെമോക്രാറ്റായിരുന്ന ഗബ്ബാർഡ് തന്റെ പാർട്ടിയെ നിരന്തരം വിമർശിക്കുകയും അടുത്തിടെ ട്രംപിനെ പിന്തുണയ്ക്കാൻ തുടങ്ങുകയും ചെയ്ത വ്യക്തിയാണ്.