
സമാധാന ചർച്ചകളിൽ യുക്രെനെയും, യൂറോപ്പിനെയും ഭാഗമാക്കുമെന്ന് മാർക്കോ റൂബിയോ
യുക്രെയ്ൻ റഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളുടെ ഭാഗമായുള്ള സന്ധിസംഭാഷണങ്ങളിൽ യുക്രെനെയുംയും യൂറോപ്പിനെയും ഭാഗമാക്കുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ പറഞ്ഞു. യുക്രെനെ പങ്കെടുപ്പിക്കാതെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന സംഭാഷണങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളും, യുക്രെയ്നും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ സൗദി അറേബ്യയിൽ വച്ച് യുഎസ് പ്രതിനിധികളും റഷ്യൻ പ്രതിനിധികളും ചർച്ചയ്ക്കായി തയ്യാറെടുക്കുകയാണ്.
സന്ധിസംഭാഷണങ്ങൾ ആരംഭിക്കുവാൻ പോകുന്നതേ ഉള്ളൂവെന്നും, പ്രധാന സംഭാഷണങ്ങളിൽ തീർച്ചയായും യൂറോപ്പിനെയും യുക്രെനെയും ഭാഗമാക്കുമെന്നും സിബിഎസിന് നൽകിയ അഭിമുഖത്തിൽ മാർക്കോ റൂബിയോ പറഞ്ഞു. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ എത്ര ട്രൂപ്പുകളെ നൽകാൻ കഴിയുമെന്ന ചോദ്യമടങ്ങിയ ചോദ്യാവലി യൂറോപ്യൻ ഉദ്യോഗസ്ഥർക്ക് യുഎസ് കൈമാറിയിരുന്നതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സമാധാന ചർച്ചകളുടെ ഭാഗമായി യുക്രെയ്നിലെ ധാതുക്കൾ യുഎസിന് നൽകാനുള്ള കരാർ യുക്രെയ്ൻ മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിൽ റഷ്യ കയ്യടക്കി വച്ചിരിക്കുന്ന യുക്രെയ്നിലെ പ്രദേശങ്ങളിൽ നിന്നുമുള്ള ധാതുക്കളും യുഎസിന് ലഭിക്കുമോ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിര്‍ സെലൻസ്കി ചോദിച്ചു.
കഴിഞ്ഞ ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. സംഭാഷണ ശേഷം റഷ്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും, യുക്രെയ്ൻ മൊത്തമായി തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ റഷ്യ ആഗ്രഹിക്കുന്നില്ല എന്നും ട്രംപ് പ്രതികരിച്ചിരുന്നു. യുദ്ധ പരിഹാരത്തിനായുള്ള ചർച്ചകളിൽ സെലെൻസ്കിയും ഭാഗമാവുമെന്ന് ട്രംപ് പറഞ്ഞു.