
മരിയാന ഡാം തകർച്ച: ബിഎച്ച്പി 29.50 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകും
നിർമാണ കമ്പനിയായ ബിഎച്ച്പിയുമായി 29.50 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാര കരാർ ഒപ്പിട്ട് ബ്രസീൽ. രാജ്യത്തെ ഏറ്റവും മോശം പാരിസ്ഥിതിക ദുരന്തമായി വിലയിരുത്തുന്ന 2015ലെ മരിയാന ഡാം തകർച്ചയുടെ നഷ്ടപരിഹാരത്തിനായാണ് കരാർ ഒപ്പു വച്ചത്. തെക്കുകിഴക്കൻ ബ്രസീലിലെ മരിയാന നഗരത്തിലുള്ള വെയ്ലിന്റെയും ബിഎച്ച്പിയുടെയും സംയുക്ത സംരഭമായ സമർക്കോ എന്ന ഖനന കമ്പനിയുടെ പരിധിയിലുള്ള ഈ ഡാമിന്റെ തകർച്ച 19 പേരുടെ മരണത്തിനും 100 വീടുകൾ നഷ്ടപ്പെടുന്നതിനും കാരണമായി തീർന്നിരുന്നു.
നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായി 878 മില്യൺ ഡോളർ 30 ദിവസത്തിനുള്ളിൽ നൽകുമെന്ന് ഗവൺമെന്റ് പറഞ്ഞു. ബാക്കി വരുന്ന 23 ബില്യൺ ഡോളറിൽ 17.5 ബില്യൺ ഡോളർ ദുരന്തത്തിൽ ഉൾപ്പെട്ട കമ്പനികൾ 20 വർഷത്തിനുള്ളിൽ അധികാരികൾക്ക് നൽകണമെന്ന് കരാർ പറയുന്നു. ഖനിതൊഴിലാളികൾക്ക് വിതരണം ചെയ്ത 5.6 ബില്യൺ ഡോളറിന് പുറമേ, ദുരിതബാധിതരായ ആളുകൾക്ക് നഷ്ടപരിഹാരത്തിനും നഷ്ടപരിഹാര പ്രവർത്തനങ്ങൾക്കുമായി 6.6 ബില്യൺ ഡോളർ അധികത്തുക കൂടി അനുവദിച്ച് നൽകും.
അണക്കെട്ട് സ്ഥിതി ചെയ്യുന്ന മിനാസ്, ഗെറൈസ് സംസ്ഥാനങ്ങളിലെ ദുരന്തബാധിത കുടുംബങ്ങളുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയും പാരിസ്ഥിതിക പുനരുദ്ധാരണത്തിന് പണം അനുവദിക്കുകയും ചെയ്യുമെന്ന് സോളിസിറ്റർ ജനറൽ ജോർജ്ജ് മെസിയസ് പറഞ്ഞു. നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു 2043ഓടെ കൊടുത്ത് തീർക്കാൻ തീരുമാനമായി. 2026ൽ 1.2 ബില്യൺ ഡോളർ കൊടുത്ത് തീർക്കുകയും അവസാന ഗഡുവായി 7.7 ബില്യൺ ഡോളർ കൊടുത്ത് തീർക്കാനുമാണ് പദ്ധതി.
ദുരന്ത ബാധിത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ലഭ്യമാവുന്ന ഈ തുക സഹായകമാവും, പാരിസ്ഥിതികമായ പുനരുദ്ധാരണം മാത്രമല്ല ഇത് ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തിക പ്രവർത്തനങ്ങൾ, ആരോഗ്യമേഖല, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പുനരാരംഭവും ഇതിലൂടെ സാധ്യമാകുമെന്ന് ജോർജ്ജ് മെസിയസ് പറഞ്ഞു.