ചൈല്‍ഡ് സേഫ്റ്റി സെനറ്റ് ഹിയറിംഗില്‍ ക്ഷമാപണം നടത്തി മാര്‍ക്ക് സക്കര്‍ബര്‍ഗ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. യു എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി വിളിച്ചുചേര്‍ത്ത ബിഗ് ടെക് ആന്‍ഡ് ദി ഓണ്‍ലൈന്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്ന സെഷനിലായിരുന്നു സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. ''നിങ്ങളുടെ കുടുംബം അനുഭവിച്ച കാര്യങ്ങളിലൂടെ ആരും കടന്നുപോകരുത്, സംഭവിച്ചതിനെല്ലാം ഞാന്‍ ഖേദിക്കുന്നു'' സുരക്ഷാ വക്താക്കളെയും മാതാപിതാക്കളെയും അഭിമുഖീകരിച്ചുക്കൊണ്ട് സക്കര്‍ബര്‍ഗ് പറഞ്ഞു.
ലൈംഗിക ചൂഷണവും കൗമാരക്കാരുടെ ആത്മഹത്യയും ഉള്‍പ്പെടെ ഓണ്‍ലൈനില്‍ കുട്ടികള്‍ നേരിടുന്ന അപകടങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടിയെടുക്കാത്തതില്‍ ടെക്് ഭീമന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സെനറ്റ് ഹിയറിംഗില്‍ ഉയര്‍ന്നത്.
സക്കര്‍ബര്‍ഗിനെതിരെ രൂക്ഷ വിമര്‍ശനം
ഹിയറിംഗിനിടയില്‍ മിസോറി സ്‌റ്റേറ്റ് സെനറ്റര്‍ ജോഷ് ഹാവ്‌ലി സക്കര്‍ബര്‍ഗിനെ രൂക്ഷമായി വിമര്‍ശിച്ചു. മെറ്റയുടെ ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം യുവ ഉപയോക്താക്കളെ മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങളില്‍ നിന്നും തടയുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു ഹാവ്‌ലിയുടെ വിമര്‍ശനം. കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് പറയാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന ഹാവ്‌ലിയുടെ ചോദ്യത്തിന് ശേഷം സക്കര്‍ബര്‍ഗ് ക്ഷമ ചോദിക്കുകയായിരുന്നു. സ്‌നാപ് ചാറ്റ്, ടിക്‌ടോക്, എക്‌സ്, ഡിസ്‌കോര്‍ഡ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും ഹിയറിംഗില്‍ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടത് സക്കര്‍ബര്‍ഗായിരുന്നു.
സോഷ്യല്‍ മീഡിയ മാനസികാരോഗ്യത്തിന് ഹാനികരമല്ല; സക്കര്‍ബര്‍ഗ്
ഗവേഷണങ്ങള്‍ അനുസരിച്ച് സോഷ്യല്‍മീഡിയ യുവാക്കളുടെ മാനസികാരോഗ്യത്തിന് ഹാനീകരമല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ആരംഭം മുതല്‍ തന്നെ യുവാക്കളെ ഓണ്‍ലൈനില്‍ സുരക്ഷിതരാക്കുന്നത് ഒരു വലിയ വെല്ലുവിളിയാണെന്നും കുറ്റവാളികളുടെ തന്ത്രങ്ങള്‍ വികസിക്കുന്നതിനനുസരിച്ച് നമ്മുടെ പ്രതിരോധവും വികസിപ്പിക്കേണ്ടി വരുന്നുണ്ടെന്നും ഇത് സങ്കീര്‍ണമാണെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.