TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

മറിയക്കുട്ടി സര്‍ക്കാരിന്റെ ഉരുക്ക് മുഷ്ടിയുടെ ഇര; പരാതിക്കാരിയെ ഇകഴ്ത്തരുതെന്നും കോടതി

22 Dec 2023   |   1 min Read
TMJ News Desk

ഞ്ചുമാസമായി വിധവാ പെന്‍ഷന്‍ ലഭിക്കാതെ കോടതിയെ സമീപിക്കേണ്ടി വന്ന മറിയക്കുട്ടി സര്‍ക്കാരിന്റെ ഉരുക്ക് മുഷ്ടിയുടെ ഇരയെന്ന് ഹൈക്കോടതി. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ട് പരാതിക്കാരിയെ ഇകഴ്ത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന് താക്കീത് നല്‍കി. 

അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ച് സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് അതീവശ്രദ്ധയോടെ ആകണമെന്നും കോടതി പറഞ്ഞു.

ക്രിസ്മസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാര്‍ വാദം ഹൃദയഭേദകമാണ്. ഹര്‍ജിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം ലഭ്യമാക്കാമെന്നും കോടതി പറഞ്ഞു. പെന്‍ഷന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരിയാല്‍ ആളുകള്‍ക്ക് ജീവിക്കണ്ടേയെന്നും ആളുകളുടെ അന്തസ്സിനെ സര്‍ക്കാര്‍ മാനിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

ക്ഷേമപെന്‍ഷന്‍ കേന്ദ്രത്തില്‍ നിന്നു വിഹിതം ലഭിക്കുന്നതിന് അനുസരിച്ചാണ് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതുകൊണ്ടാണ് പെന്‍ഷന്‍ വൈകുന്നത്. എല്ലാ മാസവും കൃത്യസമയത്ത് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ക്ഷേമപെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി അല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കാമെന്നും കോടതി മറുപടി പറഞ്ഞു. ഇടക്കാല ഉത്തരവ് ഇറക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.

സര്‍ക്കാരില്‍ പ്രതീക്ഷയില്ല

തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. കോടതിയില്‍ സര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്നും തനിക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment