മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു പിന്നാലെ കൂട്ടരാജി
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു പിന്നാലെ മധ്യപ്രദേശിലെ ബിജെപിയിലും കോണ്‍ഗ്രസിലും കൂട്ടരാജി. ബിജെപിയില്‍ നിന്ന് രാജിവെച്ചവരുടെ എണ്ണം ഏഴായി. മുന്‍ മുഖ്യമന്ത്രി റുസ്തം സിംഗും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് നേതാക്കള്‍ രാജിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ 40 ഓളം മണ്ഡലങ്ങളെ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
വിമതരായി മത്സരിക്കും എന്ന് ഭീഷണി
മുന്‍ മുഖ്യമന്ത്രി റുസ്തം സിംഗ്, ബിജെപി എംഎല്‍എ കെകെ ശ്രീവാസ്തവ, എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ ഉമാശങ്കര്‍ ഗുപ്ത എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. സീറ്റ് ലഭിക്കാത്ത നേതാക്കള്‍ പാര്‍ട്ടിക്കെതിരെ വിമതരായി മത്സരിക്കും എന്നാണ് പറയുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എ മാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. 92 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതോടെ 228 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 230 സീറ്റുകളാണ് ആകെ ഉള്ളത്.
സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി നാടകീയ സംഭവങ്ങളാണ് മധ്യപ്രദേശില്‍ അരങ്ങേറുന്നത്. ജബല്‍പൂരിലെ മുന്‍ മന്ത്രിയായിരുന്ന ശരദ് ജെയിനിന്റെ അനുയായികള്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ തടയുകയും പാര്‍ട്ടി ഓഫീസിനുമുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തത് ബിജെപിക്ക് നാണക്കേടുണ്ടാക്കി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി പ്രതിഷേധം നടക്കുന്നുണ്ട്. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ കണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍ പറഞ്ഞിരുന്നു.