
PHOTO: PTI
മഥുര ഷാഹി ഈദ്ഗാഹ്: ഹര്‍ജി തള്ളി സുപ്രീംകോടതി; ഇത്തരം ആവശ്യവുമായി വരരുതെന്നും കോടതി
മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും നിരസിച്ച കോടതി ഇത്തരം ആവശ്യങ്ങളുമായി വരരുതെന്നും പറഞ്ഞു. ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ പൊതുതാല്പര്യ ഹര്‍ജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ മാഹേക് മഹേശ്വരിയാണ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതിയിലും കീഴ്‌ക്കോടതിയിലും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും ക്ഷേത്രത്തോടു ചേര്‍ന്നുള്ള പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ നടത്തി പള്ളി പൊളിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമില്‍ പള്ളി അനിവാര്യമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ആരോപണവുമായി ഹിന്ദു വിഭാഗം
ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി മുന്‍പ് അനുമതി നല്‍കിയിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഇവിടെ ഉണ്ടെന്നും അവകാശപ്പെട്ടാണ് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷേത്ര ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്നതെന്ന് ഹിന്ദുത്വ സംഘടനകള്‍ ഏറെക്കാലമായി ആരോപിക്കുന്നു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് ഷാഹി ഈദ്ഗാഹ് നിര്‍മിച്ചതെന്ന് ഹിന്ദു വിഭാഗം ആരോപിക്കുന്നു. പള്ളി പൊളിച്ചുനീക്കി സ്ഥലം ക്ഷേത്രത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് 18 ഹര്‍ജികളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കീഴ്‌ക്കോടതി അനുമതി നല്‍കിയതാണ്. ഇതിനെതിരെ മുസ്ലിംവിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
17-ാം നൂറ്റാണ്ടിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചത്. പള്ളിയും ക്ഷേത്രവും നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം മൊത്തമായി ക്ഷേത്രത്തിന് വിട്ടുനല്‍കണമെന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. പള്ളി നില്‍ക്കുന്ന സ്ഥലത്ത് നേരത്തെ കത്ര കേശവ് ദേവ് ക്ഷേത്രം നിലനിന്നിരുന്നുവെന്നും ഇത് തകര്‍ത്താണ് ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം പള്ളി പണിതതെന്നുമാണ് ആരോപണം.
1991 ലെ ആരാധനാലയ നിയമം
രാമക്ഷേത്രത്തിനായുള്ള സമരങ്ങള്‍ ശക്തമായിരുന്ന സമയത്താണ് പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരാധനാലയ നിയമം കൊണ്ടുവന്നത്. 1974 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരിവര്‍ത്തനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റുന്നതോ നിരോധിക്കാനുള്ള നിയമമായാണ് ആരാധനാലയ നിയമം നിലനില്‍ക്കുന്നത്.
എന്നാല്‍ ഈ നിയമം അസാധുവാക്കപ്പെടുകയല്ലേ എന്ന ആശങ്കയാണ് മതേതരവാദികളും ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും ഉന്നയിക്കുന്നത്. ബാബറി മസ്ജിദിന്റെ കാര്യത്തിലൊഴികെ മറ്റൊരു ആരാധനാലയത്തിന്റെയും കാര്യത്തില്‍ നിലനില്‍ക്കുന്ന അവസ്ഥ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന നിയമവും രാജ്യത്തുണ്ട്. ഈ നിയമങ്ങളൊക്കെ നിലനില്‍ക്കെയാണ് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന പള്ളികളില്‍ പരിശോധന നടക്കുന്നത്.