TMJ
searchnav-menu
post-thumbnail

TMJ Daily

ഹവായ് കാട്ടുതീ: മരണം 93; നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം

14 Aug 2023   |   2 min Read
TMJ News Desk

ടിഞ്ഞാറന്‍ അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപ് സമൂഹത്തിലെ മൗവിയില്‍ ഉണ്ടായ കാട്ടുതീയില്‍ മരണം 93 ആയി. 100 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ ദുരന്തമാണിത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഹവായ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 

കാട്ടുതീയില്‍ 5.5 ബില്യന്‍ ഡോളറിന്റെ നാശമുണ്ടായതായാണ് ഔദ്യോഗിക സ്ഥിരീകരണം. ചരിത്ര നഗരമായ ലഹായിനയിലാണു ആദ്യം തീ പടര്‍ന്നുപിടിച്ചത്. അപായ സൈറണ്‍ മുഴക്കുന്നതിനു പകരം അധികൃതര്‍ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങുകയും ചെയ്തു. ജനങ്ങള്‍ വിവരം അറിയാന്‍ വൈകിയതാണ് ദുരന്തവ്യാപ്തി വര്‍ധിക്കാന്‍ കാരണമെന്നും വിമര്‍ശനമുണ്ട്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണമെന്നാണ് നിര്‍ദേശം. ഇതുവരെ രണ്ടു മൃതദേഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളൂ. സുരക്ഷിതമെന്നു ഉറപ്പുവരുത്തിയതിനു ശേഷമേ ലഹായിനയിലേക്ക് ആളുകളെ കടത്തൂവെന്ന് മൗവി പോലീസ് അറിയിച്ചു. അതിനുമുമ്പ് ദുരന്ത മേഖലയില്‍ കടക്കുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും 2,000 ഡോളര്‍ പിഴയും ചുമത്തുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജീവന്‍ രക്ഷിക്കാന്‍ നിരവധിപേര്‍ പസഫിക് സമുദ്രത്തിലേക്ക് ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടലില്‍ ചാടിയ പലരെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ചാരമായി സ്മാരകങ്ങള്‍

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. നഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. മൗവി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. കൂടാതെ, ബിഗ് ഐലന്‍ഡിലും വ്യാപക നാശനഷ്ടമുണ്ടായി. പുരാതന സ്മാരകങ്ങളടക്കം നിരവധി കെട്ടിടങ്ങളും ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. 

വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. നഗരത്തിലെ വിമാനത്താവളവും ആരാധനാലയങ്ങളും അഭയാര്‍ത്ഥി കേന്ദ്രങ്ങളായി മാറി. 1837 ല്‍ ഇന്ത്യയില്‍ നിന്നെത്തിച്ച് ഫ്രണ്ട് സ്ട്രീറ്റില്‍ നട്ടുപിടിപ്പിച്ച ചരിത്രപ്രസിദ്ധമായ അരയാല്‍ മരവും അഗ്‌നിക്കിരയായി. 60 അടി നീളമുള്ള ആല്‍മരം വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. പസഫിക് സമുദ്രത്തിലുള്ള ദ്വീപുകള്‍ വിനോദസഞ്ചാരികളുടെ പറുദീസയാണ്. 1700 ല്‍ സ്ഥാപിച്ചതാണ് ലഹായിന നഗരം. 

നൂറുകണക്കിന് വീടുകളും റെസ്റ്റോറന്റുകളും അഗ്‌നിക്കിരയായി. വെസ്റ്റ് മൗവിയില്‍ മാത്രം 2,200 കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. 86 ശതമാനവും റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍ ആയിരുന്ന ഇവ ഏറെയും തടികള്‍ കൊണ്ട് നിര്‍മിച്ചവയായിരുന്നു. തീപടര്‍ന്നതിനു പിന്നാലെ 11,000 ത്തിലധികം ടൂറിസ്റ്റുകളെ ദ്വീപില്‍ നിന്നും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ആയിരം ഏക്കറോളം സ്ഥലമാണ് കാട്ടുതീയില്‍ എരിഞ്ഞടങ്ങിയത്. 

രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാട്ടുതീ ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ട്. മൗവിയിലെ കനാപലിയില്‍ വീണ്ടും കാട്ടുതീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ദ്വീപിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 

കാറ്റിന്റെ ശക്തി തീവ്രമായതിനാലാണ് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായത്. ഡോറ കൊടുങ്കാറ്റിന്റെ സ്വാധീനത്താല്‍ തീ തെക്കന്‍ മേഖലകളിലേക്കും പടര്‍ന്നു. യുഎസ് നാവിക സേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 1961 ല്‍ 61 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്കുശേഷം ഹവായ് ദ്വീപിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇപ്പോഴത്തെ കാട്ടുതീ. ദുരന്തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദുഃഖം രേഖപ്പെടുത്തി. കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി കാട്ടുതീയെ വന്‍ ദുരന്തമായും പ്രഖ്യാപിച്ചു.


#Daily
Leave a comment