
തമിഴില്‍ മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ ആരംഭിക്കണം; എം കെ സ്റ്റാലിനോട് അമിത് ഷാ
കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷ പഠന പദ്ധതിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ഇതരഭാഷകള്‍ സംസാരിക്കുന്നവര്‍ക്കുമേല്‍ നിര്‍ബന്ധമായി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോപണം.
തമിഴ് ഭാഷയ്ക്കായി പോരാടുന്നുവെന്ന് പറയുന്ന സ്റ്റാലിന്‍ തമിഴ് ഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് അമിത് ഷാ പറഞ്ഞു. സ്റ്റാലിന്‍ ഇത്തരം കാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ഷാ പറഞ്ഞു.
മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് തമിഴിലുള്ള പാഠ്യ പദ്ധതി എത്രയും വേഗം അവതരിപ്പിക്കണമെന്ന് ഷാ നിര്‍ദ്ദേശിച്ചു.
ബിജെപിയുടെ ശ്രമങ്ങള്‍ തമിഴ്‌നാടിന്റെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. തമിഴ്ഭാഷയുടെ വികസനത്തിനായി കാര്യമായി സ്റ്റാലിന്‍ ഒന്നും ചെയ്യുന്നില്ലെന്നും എന്നാല്‍ കേന്ദ്ര സര്‍വീസുകളിലേക്കുള്ള റിക്രൂട്ടുമെന്റുകളില്‍ പ്രാദേശിക ഭാഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുവെന്നും ഷാ പറഞ്ഞു.