TMJ
searchnav-menu
post-thumbnail

TMJ Daily

മണിപ്പൂര്‍: അമിത് ഷായ്‌ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം; സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കാന്‍ മെയ്തി വിഭാഗം

14 Aug 2023   |   2 min Read
TMJ News Desk

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം. കുക്കി-സോമി സമുദായത്തില്‍പ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പാര്‍ലമെന്റില്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെ കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ് പ്രതിഷേധം. 

അമിത് ഷാ തന്റെ തെറ്റ് അംഗീകരിക്കണം, നാക്ക് പിഴയെക്കുറിച്ച് പാര്‍ലമെന്റില്‍ കൂടുതല്‍ വ്യക്തത വരുത്തണം, നാക്ക് പിഴയ്ക്ക് ഞങ്ങള്‍ വലിയ വില നല്‍കേണ്ടി വരും, കുക്കി-സോമി ജനങ്ങളും ഇന്ത്യന്‍ പൗരന്മാരാണ് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് സ്ത്രീകള്‍ അണിനിരന്നത്. ട്രൈബല്‍ യൂണിറ്റി സദര്‍ ഹില്‍സിന്റെ നേതൃത്വത്തിലുള്ള വനിതാ വിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

മ്യാന്‍മറില്‍ നിന്നുള്ള കുക്കി അഭയാര്‍ത്ഥികളുടെ പ്രവാഹമാണ് മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് കഴിഞ്ഞദിവസം അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ആയിരക്കണക്കിന് കുക്കി ആദിവാസി വനിതകളാണ് മണിപ്പൂരിലേക്ക് എത്തിയത്. അവര്‍ മണിപ്പൂരിലെ കാടുകളില്‍ താമസം ആരംഭിച്ചു. ഇതോടെ മണിപ്പൂരില്‍ അരക്ഷിതാവസ്ഥ ആരംഭിച്ചതായും അമിത് ഷാ പറഞ്ഞിരുന്നു. 

സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കും

സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കാനുള്ള മെയ്തി സംഘടനകളുടെ ആഹ്വാനത്തെ തുടര്‍ന്ന് മണിപ്പൂരില്‍ സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കി. ഇംഫാലിലെ മറ്റു മെയ്തി സായുധ സംഘടനകളും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാലില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. സുരക്ഷാ കാരണങ്ങളാല്‍ കുക്കി എംഎല്‍എമാരും കുക്കി മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കില്ല. 

സുരക്ഷയുടെ ഭാഗമായി മണിപ്പൂരില്‍ നടത്തിയ പോലീസിന്റെ വ്യാപക പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ പിടികൂടി. ഇംഫാല്‍, തൗബാല്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയത്. 

താറുമാറായി ആരോഗ്യ സംരക്ഷണം 

കലാപം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ ആരോഗ്യ സംരക്ഷണ സംവിധാനം തകര്‍ച്ചയിലാണ്. മണിപ്പൂരില്‍ രോഗികള്‍ ആവശ്യമായ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. തലസ്ഥാനമായ ഇംഫാലിനെയാണ് ചികിത്സാ സൗകര്യങ്ങള്‍ക്കായി ജനങ്ങള്‍ കൂടുതലും ആശ്രയിച്ചിരുന്നത്. എന്നാല്‍ വംശീയമായ വിഭജനം കാരണം ഇംഫാലിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചികിത്സ ലഭിക്കാത്ത സാഹചര്യം രോഗികളെ ബാധിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ ലഭ്യമാകുന്നില്ല. ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള രോഗികള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടിവരുന്നു. അയല്‍ സംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്കാണ് മണിപ്പൂരികള്‍ ചികിത്സ തേടി എത്തുന്നത്. എന്നാല്‍ അങ്ങോട്ടുള്ള യാത്ര ദുഷ്‌കരമാണ്. മാത്രമല്ല മറ്റുസംസ്ഥാനങ്ങളില്‍ ചെന്ന് ചികിത്സ തേടുന്നതിന് സാധാരണക്കാര്‍ക്ക് സാമ്പത്തികമായ പരിമിതികളുമുണ്ട്. 

കെട്ടടങ്ങാതെ കലാപം
 
കലാപം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോഴും മണിപ്പൂരില്‍ കലാപാന്തരീക്ഷം തുടരുകയാണ്. ഓരോ ദിവസവും പുതിയ അക്രമ സംഭവങ്ങളാണ് മണിപ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അനാസ്ഥയാണ് കാണിക്കുന്നത് എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുകയും തമാശ പറയുകയുമാണ് നരേന്ദ്ര മോദി ചെയ്യുന്നത്, അതൊരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറഞ്ഞ മോദി രണ്ട് മണിക്കൂര്‍ പ്രസംഗത്തില്‍ മണിപ്പൂരിനെ പറ്റി സംസാരിച്ചത് രണ്ടു മിനിറ്റ് മാത്രമാണ്.

#Daily
Leave a comment