
ഗർഭച്ഛിദ്ര അവകാശത്തിന് പിന്തുണ, ട്രംപിനോട് വിയോജിച്ച് മെലാനിയ ട്രംപ്
ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിൽ സ്ത്രീകളുടെ വ്യക്തിഗത അവകാശങ്ങളെ പിന്തുണച്ച് മെലാനിയ ട്രംപ്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്രവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് മെലാനിയ വ്യക്തമാക്കി.
ഗർഭച്ഛിദ്ര അവകാശത്തിനെതിരെ റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും, യുഎസ് സെനറ്റ് അംഗം ജെഡി വാൻസും എടുത്ത നിലപാടിന് വിരുദ്ധമായാണ് ട്രംപിന്റെ ഭാര്യ മെലാനിയ നിലപാട് സ്വീകരിച്ചത്. തങ്ങൾ സ്വീകരിച്ച നിലപാടിലെ കാഠിന്യം മയപ്പെടുത്താനുള്ള ട്രംപിന്റെയും ജെഡി വാൻസിന്റെയും ശ്രമത്തിനിടയിൽ ആണ് മെലാനിയ ട്രംപിന്റെ ഈ അഭിപ്രായം ഉയരുന്നത്, നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർന്മാർക്കിടയിൽ ട്രംപിന് പരാജയമേൽക്കേണ്ടി വരുന്നതിന്റെ ഒരു പ്രധാന കാരണമായി ഇത് മാറിയേക്കാമെന്ന് വിലയിരുത്തുന്നു.
വ്യക്തിസ്വാതന്ത്ര്യമെന്നത് ഞാൻ സംരക്ഷിക്കുന്ന ഒരു അടിസ്ഥാന തത്വമാണ്. അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുന്ന തന്റെ ഓർമ്മക്കുറിപ്പിന്റെ പ്രചരണാർത്ഥം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മെലാനിയ ഇക്കാര്യം പരാമർശിച്ചത്. ജനനം മുതൽ എല്ലാ സ്ത്രീകൾക്കും ഉണ്ടായിരിക്കേണ്ട അവകാശങ്ങൾക്ക് വിട്ടുവീഴ്ചയില്ലെന്ന് നിസംശയം പറയാൻ സാധിക്കും. അത് ഹനിക്കപ്പെട്ടാൽ എന്റെ ശരീരം എന്റെ തിരഞ്ഞെടുപ്പ് എന്നതു കൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്.
2017-2021 ട്രംപ് ഭരണകാലത്തിലെ പ്രഥമവനിതയായിരുന്ന മെലാനിയ എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. മുൻ മോഡൽ കൂടിയായ മെലാനിയ ട്രംപിന് താൻ സ്വീകരിക്കുന്ന നിലപാടുകൾ പരോക്ഷമായി ജനങ്ങളോട് വിനിമയം ചെയ്ത ചരിത്രം കൂടിയുണ്ട്. 2018-ൽ, യുഎസ് അതിർത്തിയിലേക്കുള്ള യാത്രയിൽ, "I really don't care, do you?" എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന ഒരു ജാക്കറ്റ് അവൾ ധരിച്ചിരുന്നു. ആ വാക്കുകളെ കുറിച്ച് കൂടുതലൊന്നും വിശദീകരിക്കപ്പെട്ടുമില്ല.
ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്രത്തിനുള്ള മൗലികാവശകാശമാണിത്, സ്വന്തം ജീവിതത്തിൽ, ആവശ്യമാണെങ്കിൽ ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകണമെന്ന് ഗർഭച്ഛിദ്രാവകാശത്തെപ്പറ്റി മെലാനിയ കൂടുതൽ വിശദമാക്കി.
താനും മെലാനിയയും ഈ വിഷയത്തെപ്പറ്റി ചർച്ച ചെയ്തിരുന്നെന്നും അവൾ എന്താണോ വിശ്വസിക്കുന്നത് അങ്ങനെ എഴുതൂവെന്ന് താൻ മെലാനിയയോട് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.
നിങ്ങളുടെ ഹൃദയത്തോട് ചേർന്നിരിക്കാനും നിങ്ങളുടെ ഹൃദയം ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കാനുമാണ് ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നത് എന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
2022ലെ റോ - വെയ്ഡ് കേസിൽ ലഭിച്ച ഗർഭച്ഛിദ്ര അവകാശ അനുമതി വിധി അസാധുവാക്കാൻ സഹായിച്ച മൂന്ന് സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചത് ട്രംപ് ആയിരുന്നു. എന്നാൽ റിപബ്ലിക്കൻ പ്രാഥമിക തിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് ശേഷം സ്വതന്ത്ര- മിതവാദികളുടെ വോട്ടുകൾ കൂടി നേടുന്നതിനായി കൂടുതൽ സൂക്ഷ്മമായ നിലപാടുകളാണ് ട്രംപ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്.
ഗർഭച്ഛിദ്രത്തിന് ഒരു ദേശീയനിരോധനം ഏർപ്പെടുത്തണമെന്ന് താൻ പറയുന്നില്ലെന്നും, അമ്മയുടെ ആരോഗ്യം സംരക്ഷിക്കാനും ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുമാണ് താൻ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.


