
മെലാനിയയുടെ ക്രിപ്‌റ്റോ കോയിന്‍ എത്തി; പിന്നാലെ ട്രംപ് കോയിനിന്റെ മൂല്യം ഇടിഞ്ഞു
യുഎസിന്റെ നിയുക്ത പ്രഥമ വനിതയായ മെലാനിയ ട്രംപ് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം വൈകുന്നേരം സ്വന്തം ക്രിപ്‌റ്റോകറന്‍സി അവതരിപ്പിച്ചു. ട്രംപ് സ്വന്തം പേരിലെ ട്രംപ് ക്രിപ്‌റ്റോകറന്‍സി അവതരിപ്പിച്ചതിന്റെ പിറ്റേദിവസമാണ് മെലാനിയ ക്രിപ്‌റ്റോ കോയിനുകള്‍ അവതരിപ്പിച്ചത്.
ട്രംപ് നാണയത്തിന്റെ വിപണി മൂല്യം 14 ബില്ല്യണ്‍ ഡോളറും മെലാനിയ നാണയത്തിന്റെ മൂല്യം 1.7 ബില്ല്യണ്‍ ഡോളറും ആയിരുന്നു. എന്നാല്‍, മെലാനിയ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചതിന് പിന്നാലെ ട്രംപിന്റെ നാണയത്തിന്റെ മൂല്യം 50% ഇടിഞ്ഞു.
ട്രംപ് സ്വന്തം നാണയം അവതരിപ്പിച്ചതിന് പിന്നാലെ അതിന്റെ മൂല്യം കുതിച്ച് ഉയര്‍ന്നിരുന്നു. മാര്‍ക്കറ്റ് ക്യാപിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ 20 ക്രിപ്‌റ്റോകറന്‍സികളില്‍ ഒന്നായി. എന്നാല്‍ മെലാനിയയുടെ കോയിന്‍ വന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ട്രംപ് കോയിനിന്റെ വിലയില്‍ 40 ശതമാനം ഇടിവുണ്ടായി. ട്രംപ് കോയിനില്‍ നിക്ഷേപിച്ചിരുന്നവര്‍ പോലും അത് വിറ്റ് മെലാനിയയുടെ കോയിന്‍ വാങ്ങി. പത്ത് മിനിറ്റിനുള്ളില്‍ ട്രംപ് കോയിനിന്റെ വില 7.5 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞു.
ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിപ്പ് എന്ന് വിശേഷിപ്പിച്ചിരുന്ന വ്യക്തിയാണ് ട്രംപ്. എന്നാല്‍, 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം ഡിജിറ്റല്‍ പണം സംഭാവനയായി സ്വീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസിനുവേണ്ടി തന്ത്രപരമായ ബിറ്റ്‌കോയിന്‍ ശേഖരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബിറ്റ്‌കോയിനിന്റെ വില കുതിച്ച് കയറിയിരുന്നു. നിലവില്‍ വില 1,40,000 ഡോളറാണ്.


