
മെല്‍ബണ്‍ ടെസ്റ്റ്: കന്നി സെഞ്ച്വറി തികച്ച് നിതീഷ് കുമാര്‍ റെഡ്ഡി
'നിതീഷ് കുമാര്‍ റെഡ്ഡി ടീം ഇന്ത്യയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. അദ്ദേഹം ഒരു സമ്പൂര്‍ണ ബാറ്ററും ബൗളറുമല്ല. തന്റെ കഴിവുകള്‍ ഉപയോഗിച്ച് ടീമിനുവേണ്ടി മത്സരങ്ങള്‍ വിജയിക്കാന്‍ കഴിയില്ല,' ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി തുടങ്ങുന്നതിന് മുമ്പായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദിന്റെ വാക്കുകളാണിത്.
എന്നാല്‍, റെഡ്ഡി മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ ഫോളോഓണ്‍ ഭീഷണിയില്‍ പതറുമ്പോള്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി ടീമിനെ കരകയറ്റി. ആറ് വിക്കറ്റിന് 191 റണ്‍സ് എന്ന പരിതാപകരമായ നിലയില്‍ നില്‍ക്കുമ്പോഴാണ് ഈ 21-കാരന്‍ ക്രീസിലെത്തുന്നത്. അവിടെ നിന്നും വാഷിങ്ടണ്‍ സുന്ദറിനേയും കൂട്ടുപിടിച്ച് ഓസ്‌ട്രേലിയയുടെ പേസാക്രമണത്തെ ചെറുത്ത് 127 റണ്‍സിന്റെ എട്ടാം വിക്കറ്റ് പടുത്തുയര്‍ത്തി. ഇന്ത്യയുടെ പുകള്‍പെറ്റ മുന്‍നിര ബാറ്റിങ് നിര ഓസീസിന് മുന്നില്‍ മുട്ടിടിച്ച് വീണപ്പോഴാണ് റെഡ്ഡിയുടെ ചെറുത്തുനില്‍പ്പ്.
മഴ മൂലം മൂന്നാം ദിവസം കളി നിർത്തുമ്പോൾ അദ്ദേഹം 176 പന്തില്‍ നിന്നും 105 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. 10 ബൗണ്ടറികളും 1 സിക്‌സും ഇതില്‍പ്പെടുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 162 പന്തില്‍ നിന്നും 50 റണ്‍സ് എടുത്തു. ഇന്ത്യ 9 വിക്കറ്റിന് 358 റണ്‍സ് എന്ന നിലയിലാണ്. റെഡ്ഡിക്ക് മുഹമ്മദ് സിറാജാണ് ക്രീസില്‍ കൂട്ട്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ കന്നി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അദ്ദേഹം നേടി. 21 വര്‍ഷവും 216 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. 1992-ല്‍ 18 വര്‍ഷവും 256 ദിവസവും പ്രായമുള്ളപ്പോള്‍ ഓസീസ് മണ്ണില്‍ സെഞ്ച്വറി നേടിയ സചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയിലെ ഒന്നാമന്‍. 2019-ല്‍ 21 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോള്‍ റിഷഭ് പന്ത് സെഞ്ച്വറി നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ഥ്വിവ് പട്ടേല്‍ പറഞ്ഞു. പന്തുകൊണ്ടും ബാറ്റുകൊണ്ടും റെഡ്ഡി തന്റെ അരങ്ങേറ്റ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയാണ്. ടീമില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് പകരം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരേയും ബൗളര്‍മാരേയും ഉള്‍പ്പെടുത്തണമെന്ന് വാദിക്കുമ്പോഴാണ് പ്രസാദ് റെഡ്ഡിയെ വിമര്‍ശിച്ചത്.