PHOTO: FACEBOOK
സസ്‌പെന്‍ഷനിലുള്ള അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രവേശിക്കരുത്; സര്‍ക്കുലര്‍ ഇറക്കി ലോക്‌സഭ സെക്രട്ടേറിയേറ്റ്
സസ്‌പെന്‍ഷനിലുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് വിലക്കി സര്‍ക്കുലര്‍. ലോക്‌സഭ സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സ് ലഭിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. സസ്‌പെന്‍ഷനിലുള്ള എംപിമാര്‍ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമാണെങ്കില്‍ കമ്മിറ്റി സിറ്റിങിലും സസ്‌പെന്‍ഷന്‍ ബാധകമാണ്. സസ്‌പെന്‍ഷനിലുള്ള അംഗങ്ങള്‍ സമര്‍പ്പിച്ച നോട്ടീസുകള്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ സ്വീകാര്യമല്ല. കമ്മിറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും സാധിക്കില്ല.
കൂട്ട സസ്പെന്‍ഷന്‍
പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണം എന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധിച്ച 141 എംപിമാരെയാണ് ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയില്‍ നിന്ന് 13 പേരെയും രാജ്യസഭയില്‍ നിന്ന് ഒരാളെയും സസ്പെന്‍ഡ് ചെയ്തു. 78 പ്രതിപക്ഷ എംപിമാരെ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് ഇതില്‍ 14 പേരെ അവകാശലംഘന സമിതിയുടെ അന്വേഷണത്തിനു ശേഷമെ തിരിച്ചെടുക്കു. ബാക്കിയുള്ളവര്‍ക്ക് സമ്മേളനകാലാവധിയായ 22 വരെയാണ് സസ്പെന്‍ഷന്‍.
സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റിനു സമീപത്തെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സുരക്ഷാ വീഴ്ചയില്‍ അമിത് ഷാ സഭയില്‍ സംസാരിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.