Representational image: PTI
നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം: മുന്‍വിധി റദ്ദാക്കി സുപ്രീം കോടതി
നിരോധിത സംഘടനയില്‍ വെറും അംഗമാവുന്നതും കുറ്റകരമാണെന്ന് സുപ്രീം കോടതി. നിരോധിത സംഘടനയില്‍ അംഗമായതുകൊണ്ടു മാത്രം നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ ആവില്ലെന്ന സുപ്രീം കോടതിയുടെ തന്നെ 2011 ലെ ഡിവിഷന്‍ ബഞ്ചിന്റെ വിധി റദ്ദാക്കികൊണ്ടാണ് ജസ്‌റ്റിസ് എംആര്‍ ഷാ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ പുതിയ വിധി.
കുറ്റകൃത്യത്തില്‍ നേരിട്ട ഏര്‍പ്പെട്ടിട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വം യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ 10(a)(1) വകുപ്പു പ്രകാരം നടപടിയെടുക്കാന്‍ പര്യാപ്‌തമാണെന്ന വ്യവസ്ഥ സുപ്രീം കോടതി ശരിവെച്ചു. അത് 19(1)(a), 19(2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനം അല്ലെന്നും കോടതി വ്യക്തമാക്കി. നിരോധിക്കപ്പെട്ട സംഘടനയില്‍ വെറും അംഗത്വം ഉള്ളതുകൊണ്ടു മാത്രം ഒരു വ്യക്തി കുറ്റവാളിയാവില്ലെന്ന 2011 ലെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയിലാണ് ഷാ അധ്യക്ഷനായ ബഞ്ചിന്റെ സുപധാനമായ ഈ വിധി. നിരോധിത സംഘടന ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളിലെ സജീവ പങ്കാളിത്തം അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി തല്‍ക്ഷണമുണ്ടാവുന്ന അക്രമപരമായ സംഭവങ്ങള്‍ എന്നിവയിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചു മാത്രമെ ഒരു വ്യക്തിയെ കുറ്റവാളിയായി പരിഗണിക്കാനാവൂ എന്നതായിരുന്നു മാര്‍ക്കണ്ഠേയ കട്ജു അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ വിധി.
അമേരിക്കന്‍ കോടതി വിധിയെ അന്ധമായി പിന്തുടരുന്നതിന്റെ ഭാഗമാണ് ഈ വിധിയെന്നും അതിന് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രസക്തിയില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുനപരിശോധന ഹര്‍ജിയില്‍ ഉന്നയിച്ച ഒരു പ്രധാനവാദം. 2011ലെ വിധി പുറപ്പെടുവിക്കും മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണ് വിധിയെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.