
പുരുഷന്‍മാര്‍ക്ക് 2 കുപ്പി മദ്യം സൗജന്യമായി നല്‍കണം: കര്‍ണാടക എംഎല്‍എ
കര്‍ണാടകയില്‍ പുരുഷന്മാര്ക്ക് ആഴ്ച്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് ജനതാദള്‍ (എസ്) എംഎല്‍എ എം ടി കൃഷ്ണപ്പ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപ വീതം നല്‍കുന്ന ക്ഷേമപദ്ധതിയെ വിമര്‍ശിച്ചു കൊണ്ടാണ് എംഎല്‍എ പുരുഷന്‍മാര്‍ക്ക് മദ്യം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സസൈസ് വരുമാനം 36,500 കോടി രൂപയില്‍ നിന്നും 40,000 കോടി രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.
'നിങ്ങള്‍ സ്ത്രീകള്‍ക്ക് മാസം 2,000 രൂപ നല്‍കുന്നു, സൗജന്യ വൈദ്യുതി നല്‍കുന്നു, ബസ് യാത്ര സൗജന്യമായി നല്‍കുന്നു. അത് ഞങ്ങളുടെ പണമാണ്. അതിനാല്‍ മദ്യപിക്കുന്നവര്‍ക്ക് എല്ലാ ആഴ്ച്ചയിലും രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം. അവര്‍ കുടിക്കട്ടെ. എങ്ങനെയാണ് നമുക്ക് ഓരോ മാസവും പുരുഷന്‍മാര്‍ക്ക് പണം നല്‍കാന്‍ കഴിയുക? പകരം, അവര്‍ക്കെന്തെങ്കിലും നല്‍കൂ, ആഴ്ച്ചയില്‍ രണ്ട് കുപ്പികള്‍. അതില്‍ എന്താണ് തെറ്റ്? സര്‍ക്കാരിന് സൊസൈറ്റികളിലൂടെ അത് നല്‍കാം,' എംഎല്‍എ പറഞ്ഞു.
നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച്, സര്‍ക്കാര്‍ രൂപീകരിച്ച് ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ മതിയെന്ന് വൈദ്യുതി മന്ത്രി കെ ജെ ജോര്‍ജ് എംഎല്‍എയുടെ ആവശ്യത്തിന് മറുപടിയായി പറഞ്ഞു. ജനങ്ങള്‍ മദ്യപിക്കുന്നത് കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.